വയനാട്ടിലെ കൊവിഡ് പ്രതിരോധം; ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ രാഷ്ട്രീയകക്ഷികള്‍

By Web TeamFirst Published Aug 1, 2020, 7:41 PM IST
Highlights

വ്യാജപ്രചാരണങ്ങള്‍ നടത്തിയ യുവാവിനെതിരെ കഴിഞ്ഞ ദിവസം തലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് സിപിഎം - യുഡിഎഫ് പ്രാദേശിക ഘടകങ്ങള്‍ പരസ്പരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 

കല്‍പ്പറ്റ: സമ്പര്‍ക്ക രോഗികള്‍ അടക്കം കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊല്ലി രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമാകുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ചിലയിടങ്ങളില്‍ നിന്ന് പരാതിയുയരുന്നത്. 

വ്യാജപ്രചാരണങ്ങള്‍ നടത്തിയ യുവാവിനെതിരെ കഴിഞ്ഞ ദിവസം തലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് സിപിഎം - യുഡിഎഫ് പ്രാദേശിക ഘടകങ്ങള്‍ പരസ്പരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുനേരെ കേസെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

ഗുരുതര വീഴ്ച കാണിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കേസെടുക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അടക്കമുള്ളവര്‍ ആരോപണമുന്നയിച്ചു. എന്നാല്‍ മാനന്തവാടി അടക്കമുള്ള വടക്കേ വയനാട്ടിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കൊാവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റേതെന്നാണ് സിപിഎം തിരിച്ചടിക്കുന്നത്. 

കൃത്യമായ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാഭരണകൂടം കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ കണ്ണടച്ച് എതിര്‍ക്കുകയാണ് യുഡിഎഫ് എന്ന് സിപിഎം മാനന്തവാടി ഏരിയാകമ്മിറ്റി ആരോപിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുന്‍മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നാണ് സിപിഎം പറയുന്നു. 

വാളാട് പ്രദേശത്തെ കൊവിഡ് വ്യാപനത്തിന്റെ യഥാര്‍ഥ കാരണം ചില വിവാഹങ്ങളും ഒരു മരണാനന്തരച്ചടങ്ങുമാണ്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോയെന്ന് കൃത്യമായി വിലയിരുത്തേണ്ടത് വാര്‍ഡ് തല ജാഗ്രതാസമിതികളാണ്. സര്‍ക്കാരിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനം തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ 18, 19 വാര്‍ഡംഗങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായോ എന്ന കാര്യം പരിശോധിക്കണമെന്ന് സിപിഎം മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി ആവശ്യപ്പെട്ടു.

click me!