എട്ടുകാലുകളുമായി പശുക്കിടാവ്; കൗതുകത്തോടെ നാട്ടുകാര്‍

By Web TeamFirst Published Jul 28, 2019, 10:57 PM IST
Highlights

പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍  വിഷ്ണു പറഞ്ഞു.

ഇടുക്കി: എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് കൗതുക കാഴ്ചയായി. കിടാവിനെ നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. പക്ഷേ അപൂര്‍വ്വ സവിശേഷതകളുമായി ജനിച്ച കിടാവിനെ രക്ഷിയ്ക്കാനായില്ല.

നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്‍ഷകന്‍ മുഞ്ചനാട്ട് ജോണിന്റെ വീട്ടിലാണ് എട്ട് കാലുകളുമായി പശുക്കിടാവ് പിറന്നത്. ആടുകളില്‍ സാധാരണയായി ഇത്തരം വൈകല്യത്തോടെ കിടാങ്ങള്‍ ഉണ്ടാകാറുണ്ടെങ്കില്‍ പശുക്കിടാവുകള്‍ ഇത്തരത്തില്‍ ഉണ്ടാവുന്നത് അപൂര്‍വ്വമാണ്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെയാണ് കിടാവിനെ പുറത്തെടുത്തത്. എന്നാല്‍ ഇതിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല. തള്ളപ്പശു സുരക്ഷിതയാണ്. പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍  വിഷ്ണു പറഞ്ഞു.

32 വര്‍ഷമായി കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനാണ് മുഞ്ചനാട്ട് ജോണ്‍. ഇത്തവണ പശുവിന്റെ വയറ് സാധാരണയില്‍ വലുതായാണ് കാണപ്പെട്ടത്. മറ്റ് അസ്വസ്ഥതകള്‍ ഒന്നും കാണിച്ചിരുന്നില്ല. ഇരട്ട കിടാങ്ങളായിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു. അപൂര്‍വ്വ പ്രത്യേകതകളുമായി ജനിച്ച കിടാവിനെ രക്ഷിയ്ക്കാനായില്ലെങ്കിലും തള്ള പശുവിനെ രക്ഷിയ്ക്കാനായതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും കര്‍ഷകനും. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോ. നിജിന്‍, ഡോ. വിഷ്ണു അറ്റന്‍ഡര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷനിലൂടെ പശുകിടാവിനെ പുറത്തെടുത്തത്.

click me!