
തിരുവനന്തപുരം: എഴുപത് അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായി കിടന്ന പൊട്ടകിണറ്റിൽ വീണ പശുവിന് രക്ഷകരായി നെയ്യാറ്റിൻകര ഫയർഫോഴ്സ്. ബാലരാമപുരത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മംഗലത്തുകോണം സ്വദേശി സനലിന്‍റെ ഒന്നര വയസ് പ്രായമുള്ള പശുവാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിളിച്ചതോടെ നെയ്യാറ്റിൻകരയിൽ നിന്നും ഒരു യൂണിറ്റ് പാഞ്ഞെത്തി.
ഉപയോഗ ശൂന്യമായി കിടന്ന കിണറായിരുന്നതിനാൽ വെളിച്ചവും ശ്വസിക്കാൻ ഓക്‌സിജനും കുറവായിരുന്നു. പശുവിനു ജീവൻ ഉണ്ടെന്നു മനസിലാക്കി ഫയർ ഫോഴ്സ് സംഘത്തിലെ ഉദ്യോഗസ്ഥനായ സോണി കിണറ്റിൽ ഇറങ്ങി. ഓക്സിജനടക്കം സന്നാഹങ്ങളുമായി കയർ ഉപയോഗിച്ച് കിണറിനുള്ളിൽ ഇറങ്ങിയാണ് പശുവിനെ രക്ഷിച്ചത്.
രണ്ട് മണിക്കൂർ നേരം ഫയർ ഫോഴ്സിന്‍റെയും നാട്ടുകാരുടെയും ശ്രമഫലമായാണ് കിണറിൽ നിന്ന് പശുവിനെ പുറത്തെത്തിച്ചതെന്ന് സേനാംഗങ്ങൾ പറയുന്നു. പശുവിന് വലിയ പരിക്കുകളില്ലെങ്കിലും മൃഗ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി.