250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തർക്ക് സദ്യ, ദേവസ്വം ബോർഡിന്‍റെ വള്ളസദ്യ ഇന്ന്; പ്രതിഷേധം ഉണ്ടാകുമെന്ന് പള്ളിയോടക്കരകൾ

Published : Jul 27, 2025, 07:55 AM IST
aranmula

Synopsis

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയെച്ചൊല്ലി തർക്കം. പള്ളിയോടം ഇല്ലാതെ സദ്യ വേണ്ടെന്ന് പള്ളിയോട സേവാസംഘം. ദേവസ്വം ബോർഡ് നിലപാട് ആചാരലംഘനമെന്ന് പള്ളിയോടക്കാരുടെ ആരോപണം.

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യ ഇന്ന്. ക്ഷേത്രവളപ്പിൽ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ബോർഡ് തള്ളിയിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് പള്ളിയോടക്കരകളുടെ മുന്നറിയിപ്പ്. വള്ളസദ്യയിലെ എല്ലാ വിഭവങ്ങളും ചേർത്ത് 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തർക്കാണ് സദ്യ. കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പ്രവർത്തകർ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലേക്ക് വഞ്ചിപ്പാട്ട് പാടി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ഒരു സദ്യ നടത്താനാണ് ബോർഡ് തീരുമാനം.

വള്ളസദ്യയിൽ ഇടഞ്ഞിരിക്കുകയാണ് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്നാണ് ആരോപണം. ദേവസ്വം ബോർഡിന്‍റെ ഇടപെടൽ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നൽകി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ജൂൺ പത്തിന് തിരുവനന്തപുരം നന്ദൻകോട് വെച്ച് നടന്ന യോഗത്തിൽ വള്ളസദ്യ ദേവസ്വം ബോർഡ് നടത്തണമെന്ന തീരുമാനം എടുത്തെന്നും ഹൈക്കോടതി നിർദേശമുണ്ടായിരുന്നെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഈ യോഗത്തിൽ പള്ളിയോട സേവാ സംഘവും പങ്കെടുത്തിരുന്നെന്ന് ദേവസ്വം ബോർഡ് പറയുന്നു. ആദ്യ യോഗത്തിൽ ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്, സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതിയംഗങ്ങൾ എന്നിവരും ജൂണിലെ യോഗത്തിൽ പള്ളിയോട സേവാ സമിതി പ്രസിഡന്‍റ്, സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങൾ എന്നിവരും പങ്കെടുത്തെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

എന്നാൽ പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പള്ളിയോട സേവാ സംഘത്തിന്‍റെ പ്രതിഷേധം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ