
ഇടുക്കി: ഇടുക്കി പെരിഞ്ചാംകുട്ടി ഭൂവിഷയത്തിൽ വനംവകുപ്പിനെതിരെ സിപിഐ സമരത്തിലേക്ക്. ആദിവാസികൾക്ക് സർക്കാർ അനുവദിച്ച ഭൂമി വിട്ടുനൽകാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടാനാണ് സിപിഐ തീരുമാനം.
മുമ്പ് കുടിയൊഴിപ്പിച്ച ആദിവാസികളെ പെരിഞ്ചാംകുട്ടിയിൽ തന്നെ പുനരധിവസിപ്പിക്കാൻ 2018 മാർച്ചിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്. 158 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകാനായിരുന്നു തീരുമാനം. എന്നാൽ ഒരുവർഷത്തിനിപ്പുറവും ഒന്നും നടന്നില്ല. വനംവകുപ്പിന്റെ തടസ്സവാദമാണ് ആദിവാസികൾക്ക് ഭൂമി അന്യമാക്കിയതെന്നാണ് സിപിഐ ആരോപിക്കുന്നത്.
വനംമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഒന്നും നടന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. 2002 മുതലാണ് പെരിഞ്ചാംകുട്ടിയിലെ ഭൂസമരം തുടങ്ങുന്നത്. പലകുറി കുടിൽകെട്ടി സമരവും പൊലീസ് നടപടിയുമൊക്കെ ഉണ്ടായി. കളക്ട്രേറ്റിന് മുന്നിലെ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് കഴിഞ്ഞ വർഷം സർക്കാർ ആദിവാസികൾക്ക് ഭൂമി അനുവദിച്ചത്. ഭൂമിക്കായി സമാന സമരങ്ങൾ ഇനിയും വേണ്ടി വരുമെന്നാണ് സിപിഐ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam