പൊലീസിന് ഡി വൈ എഫ് ഐ സെക്രട്ടറിമാരുടെ നിലവാരം പോലുമില്ലെന്ന് സി പി ഐ തൃശൂർ ജില്ലാ സെക്രട്ടറി

By Web TeamFirst Published Dec 2, 2018, 6:31 PM IST
Highlights

സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി ആസ്ഥാനം ആക്രമിച്ച ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ സി പി ഐ മാർച്ചില്‍ സംഘര്‍ഷം. മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. 

തൃശൂർ: ഡി വൈ എഫ് ഐ സെക്രട്ടറിമാരുടെ നിലവാരം പോലും ഇവിടത്തെ പൊലീസുകാർക്കില്ലെന്ന് സി പി ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. ഇതൊന്നും ഇടതുമുന്നണി സർക്കാരിന്‍റെ പൊലീസ് നയമല്ലെന്നും സി പി എം തനിച്ചല്ല കേരളം ഭരിക്കുന്നതെന്ന് പൊലീസും മനസിലാക്കണമെന്നും വത്സരാജ് പറഞ്ഞു. സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി ആസ്ഥാനം ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇടതുമുന്നണി സർക്കാരിന്‍റെ നയം നടപ്പാക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ അതെങ്ങിനെ നടപ്പാക്കണമെന്ന് സിപിഐക്ക് അറിയാമെന്നും വത്സരാജ് പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളുമായി ചങ്ങാത്തമുള്ളവരാണ് മേഖലയിൽ അക്രമം തുടരുന്നതെന്നും ഇവരെ നിലയ്ക്കുനിർത്താനാവണം കെ കെ വത്സരാജ് പറഞ്ഞു. സി പി ഐ ഓഫീസിനുനേരെ ആക്രമണം ഉണ്ടായിട്ട് 12 ദിവസം പിന്നിട്ടിട്ടും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടും ഒരാളെ പോലും പിടികൂടാൻ നടപടികളുണ്ടായില്ലെന്നും വിമര്‍ശനം. പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ജില്ലാ വ്യാപകമാക്കുമെന്ന മുന്നറിയിപ്പും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി നൽകി. 

എകെജി സെന്‍ററിൽ നിന്നല്ല പൊലീസിന് ശമ്പളമെന്ന ബോധ്യം വേണമെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പി സന്ദീപും തുറന്നടിച്ചു. മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ അധ്യക്ഷതവഹിച്ചു. സമരത്തെ തുടർന്ന് അന്തിക്കാട്-കാഞ്ഞാണി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

അതേസമയം, സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി ആസ്ഥാനം ആക്രമിച്ച ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ സി പി ഐ മാർച്ചില്‍ സംഘര്‍ഷം. മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതിനിടെ 20 ഓളം വരുന്ന മഹിളാസംഘം പ്രവർത്തകർ പൊലീസ് വലയം ഭേതിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറി. മുദ്രാവാക്യം വിളിച്ച് മുന്നേറിയ മഹിളാസംഘം പ്രവർത്തകരെ വനിതാ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഗെയ്റ്റിൽ പൊലീസ് വാഹനം കുറുകെയിട്ടാണ് ഇവരെ തടഞ്ഞത്. 

പൊലീസ് പ്രതിരോധം ബലപ്രയോഗത്തിലേക്ക് വഴിമാറിയതോടെ അന്തിക്കാട് സ്റ്റേഷൻ പരിസരം സംഘർഷാവസ്ഥയിലായി. ഏറെ നേരം പൊലീസും സിപിഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അസി.സെക്രട്ടറി അഡ്വ.ടി.ആർ രമേഷ്കുമാർ, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പി സന്ദീപ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാർച്ച്. 

click me!