വോട്ട് മറിച്ചെന്ന് ആരോപണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

By Web TeamFirst Published Dec 21, 2020, 6:22 PM IST
Highlights

ശനിയാഴ്ച രാത്രി മുദ്രാവാക്യം വിളികളുമായി ആറുപേര്‍ വീടിന്റെ മുന്നിലെത്തി കല്ലെറിയുകയായിരുന്നുവെന്നാണ് ഗോപാലന്റെ പരാതി. സംഘത്തില്‍ പാര്‍ട്ടി പുറത്താക്കിയയാളും ഉണ്ടായിരുന്നുവെന്ന് ഗോപാലന്‍ പറഞ്ഞു
 

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചെന്ന് ആരോപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. പനമരം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ പി. ഷിജു തോറ്റതുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ച് സെക്രട്ടറി ഗോപാലന്റെ വീടിന് നേരെ കല്ലേറുണ്ടായതെന്നാണ് ആരോപണം.

ശനിയാഴ്ച രാത്രി മുദ്രാവാക്യം വിളികളുമായി ആറുപേര്‍ വീടിന്റെ മുന്നിലെത്തി കല്ലെറിയുകയായിരുന്നുവെന്നാണ് ഗോപാലന്റെ പരാതി. സംഘത്തില്‍ പാര്‍ട്ടി പുറത്താക്കിയയാളും ഉണ്ടായിരുന്നുവെന്ന് ഗോപാലന്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്നേ ഗോപാലന്റെ മകനെ സ്ഥാനാര്‍ത്ഥിയും സംഘവും എത്തി മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.

പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നുവെന്ന് ഗോപാലന്‍ പറയുന്നു. പിന്നീട് ആണ് കല്ലേറുണ്ടായത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ യുഡിഎഫിലെ വാസു അമ്മാനി 27 വോട്ടിന് വിജയം നേടുകയായിരുന്നു. ഇത് വോട്ട് മറിച്ചതിനാലാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. താനും കുടുംബവും പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നുവെങ്കിലും ഫലം വന്ന ശേഷം തോറ്റ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയായിരുന്നുവെന്ന് ഗോപാലന്‍ പറഞ്ഞു.

മകന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്ത് സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന ധാരണയിലെത്തിയിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായതെന്ന് ഗോപാലന്‍ പറഞ്ഞു. അതേസമയം മുമ്പ് 200 മുകളില്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് 27 വോട്ടിന്റെ വ്യത്യാസത്തില്‍ വിജയം കൈവിട്ടതെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

click me!