വയോധികര്‍ക്ക് കട്ടിലും കമ്പിളിയും നല്‍കിയില്ല; സിപിഎം അംഗം പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി

By Web TeamFirst Published Jan 10, 2020, 12:31 PM IST
Highlights

കഴിഞ്ഞ ഒരുമാസമായി അനുവദിച്ച സാധനങ്ങള്‍ ലഭിക്കുന്നതിനായി വയോധികര്‍ മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ്. എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞത് ഇവരെ ഭരണസമിതി മടക്കിയയച്ചു

മൂന്നാര്‍: വയോധികര്‍ക്ക് കട്ടിലും കമ്പിളിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി സിപിഎം വാര്‍ഡ് അംഗം. ഇക്കാനഗറിലെ സ്റ്റാലിന്റെ വാര്‍ഡിലെ മൂന്നു പേര്‍ക്കാണ് പഞ്ചായത്ത് സൗജന്യമായി കട്ടിലും കമ്പിളിയും അനുവദിച്ചത്. കഴിഞ്ഞ ഒരുമാസമായി അനുവദിച്ച സാധനങ്ങള്‍ ലഭിക്കുന്നതിനായി വയോധികര്‍ മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ്.

എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞത് ഇവരെ ഭരണസമിതി മടക്കിയയച്ചു. സമീപത്തെ കോണ്‍ഗ്രസ് അംഗങ്ങളുള്ള വാര്‍ഡുകളില്‍ അവധി ദിവസങ്ങളില്‍ പോലും കട്ടിലും കമ്പളിയും അധികൃതര്‍ വിതരണം നടത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഉപഭോക്തകരുമായി  എത്തിയ വാര്‍ഡ് അംഗം സംഭവം ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യമില്ലാതെ സാധനങ്ങള്‍ നല്‍കില്ലന്ന് അധികൃതര്‍ പറഞ്ഞതായി അദ്ദേഹം ആരോപിക്കുന്നു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ആളുകളെ ഇറക്കിവിട്ടശേഷം വാര്‍ഡ് അംഗം കെട്ടിടം പൂട്ടുകയായിരുന്നു. എന്നാല്‍, കൃത്യമായ രേഖകള്‍ ഹാജരാകാത്തതാണ് സാധനങ്ങള്‍ നല്‍കാന്‍ തടസമായതെന്നാണ് അധിക്യതരുടെ വാദം.

അപേക്ഷകള്‍ പലതും ക്യത്യമായി പൂരിപ്പിച്ചിരുന്നില്ല. മാത്രമല്ല  അപേഷകളില്‍ ഫോട്ടോകള്‍ പതിച്ചിരിരുന്നില്ല. ഇത്തരം ന്യൂനതകള്‍ പരിഹരിച്ചതോടെ സാധനങ്ങള്‍ കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാര്‍ പഞ്ചായത്തില്‍ സി.പി.എം-കോണ്‍ഗ്രസ് പോര് നിത്യസംഭവമാണ്. പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ പലതിലും അഴിമതിയെന്ന് ആരോപിച്ച് സമരങ്ങളും തുടര്‍കഥയാണ്.

click me!