'ആദിവാസി മേഖലകളില്‍ പിഎസ്സി കോച്ചിങ് സെന്‍ററുകള്‍ തുടങ്ങും': എഡിജിപി ബി സന്ധ്യ

By Web TeamFirst Published Jan 9, 2020, 11:17 PM IST
Highlights

ആദിവാസി മേഖലകളിലെ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ പിഎസ്സി കോച്ചിങ് സെന്‍ററുകള്‍ തുടങ്ങുമെന്ന് എഡിജിപി ബി സന്ധ്യ. 

ഇടുക്കി: ജനമൈത്രി പൊലീസിന്റെ വിവിധ പദ്ധതികള്‍ ആദിവാസിമേഖലകളില്‍ എത്തിക്കാന്‍ എഡിജിപി ബി സന്ധ്യ കുടികളില്‍ സന്ദര്‍ശനം നടത്തി. ഉദ്യോഗാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്സി കോച്ചിങ്ങ് സെന്റര്‍ കുടികളില്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരമാണ് ബി സന്ധ്യ മൂന്നാറിലെത്തിയത്.

ബുധനാഴ്ച വട്ടവടയിലെ സാമിയാളക്കുടിയിലെത്തിയ അവര്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കി. പാര്‍പ്പിടം, വെള്ളം,കുട്ടികളുടെ തുടര്‍പഠനം തുടങ്ങിയ വിഷങ്ങളില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂപ്പന്‍മാര്‍ എഡിജിപിയെ അറിയിച്ചു. പിഎസ്സി കോച്ചിംങ്ങ് സെന്റര്‍ ആരംഭിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മൂന്നുകുടികളിലുള്ള 65ഓളം കുട്ടികള്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ്. പിഎസ്സി കോച്ചിങ്ങ് ലഭിച്ചാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് സഹായകരമാവും. പ്രശ്‌നത്തില്‍ ജനമൈത്രി പോലീസിന്റെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സന്ധ്യ പറഞ്ഞു. കുടിയിലെത്തിയ എഡിജിപിയെ ആദിവാസികള്‍ മാലയിട്ടും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് സ്വീകരിച്ചത്.

Read More: കാത്തിരിക്കുന്നത് ആഘോഷത്തിന്‍റെ രാപകലുകള്‍; മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തുടക്കം

തുടര്‍ന്ന് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് വൈകുന്നേരം 8 മണിയോടെയാണ് എഡിജിപി മടങ്ങിയത്. വ്യാഴാഴ്ചയാണ് ഇടമലക്കുടി സന്ദര്‍ശനം ആരംഭിച്ചത്. രാവിലെ സൊസൈറ്റിക്കുടിയിലെത്തിയ എഡിജിപി അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയുകയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി. സന്ദര്‍ശന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കുടിയിലേക്കുള്ള റോഡിന്റെ പണികള്‍ അടിയന്തരമായി ആരംഭിക്കുകയായിരിക്കും ആദ്യനടപടി. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍, ദേവികുളം എസ്ഐ ദിലീപ് കുമാര്‍, ജനമൈത്രി കോ-ഓഡിനേറ്റര്‍ മധു തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

click me!