
ഇടുക്കി: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന് സിപിഎം എംഎല്‍എയുടെ കാവല്‍.അനധികൃത നിര്‍മ്മാണങ്ങള്‍ കൊണ്ടും വന്‍കിട കൈയ്യേറ്റങ്ങൾ കൊണ്ടും വിവാദ ഭൂമിയായി മാറിയ മൂന്നാറില്‍ പഞ്ചായത്ത് നടത്തുന്ന അനധികൃത നിര്‍മ്മാണത്തിന് കാവല്‍ നില്‍ക്കുന്നത് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ്. മുന്നണിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് താന്‍ ജനപ്രതിനിധിയാണെന്ന് മറുപടി നല്‍കി വിവാദത്തിന്റെ തീച്ചൂളയില്‍ ഉരുകുമ്പോഴും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് രാജേന്ദ്രന്‍.
ഇടതുപക്ഷത്തിനും ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും കരുത്ത് പകരുന്ന മൂന്നാറില്‍ വരുന്ന തവണ യുഡിഎഫില്‍ നിന്നും പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുന്നതിനായി സിപിഎമ്മും ഇടതുപക്ഷവും ആരോപണങ്ങളും സമരങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന അനധികൃത നിര്‍മ്മാണത്തിന് എംഎല്‍എയുടെ സംരക്ഷണം.
മൂന്നാര്‍ പഞ്ചായത്തിനെ പ്രതിരോധത്തിലാക്കുന്നതിനാണ് സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പഞ്ചായത്തിന്റെ അനധിക്യത നിര്‍മ്മാണത്തിനെതിരെ രേഖാമൂലം പരാതി നല്‍കിയത്. ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനായി നേതൃത്വം ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനിടെയാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്തത്. ഇതോടെ രാഷ്ട്രീയ പോരാട്ടം ശക്തമായിരുന്ന ജില്ലയിലെ സിപിഐ - സിപിഎം ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു.
റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും സബ് കളക്ടര്‍ രേണുരാജിനെ പിന്‍തുണച്ച് രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. നിലവില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്‍തുണ രാജേന്ദ്രനുണ്ടെങ്കിലും കെപിസിസിയുടെ ഇടപെടല്‍ തിരിച്ചടിയായി. അതുകൊണ്ട് തന്നെ പ്രദേശിക നേതൃത്വം എംഎല്‍എയെ തള്ളിപ്പറയാനാണ് സാധ്യത.
മാത്രവുമല്ല എംഎല്‍എയുടെ അനധിക്യത നിര്‍മ്മാണം വലിയരീതിയില്‍ ചര്‍ച്ചയായത് പാര്‍ട്ടിക്കുള്ളിലും രാജേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. രേണുരാജിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam