
വടകര: അന്തരിച്ച എസ്എഫ്ഐ മുന്‍ നേതാവ് കെഎസ് ബിമലിന്റെ പേരിലുള്ള സ്മാരകവുമായി സഹകരിച്ചവർക്കെതിരെ സിപിഎം നടപടി തുടരുന്നു. നേരത്തെ ഏരിയാകമ്മറ്റിയിൽ നിന്ന് തരം താഴ്ത്തിയ എടച്ചേരിയിലെ നേതാവ് വള്ളിൽ രാജീവനെ ലോക്കൽകമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അതേ സമയം പാർട്ടി വിലക്കിയ ഇതേ സ്മാരകത്തിൽ വെച്ച് മറ്റൊരു ലോക്കൽകമ്മറ്റിയുടെ പ്രചാരണഗാനം ചിത്രികരിച്ചത് പാർട്ടിയിൽ തർക്കവിഷയമായി.
മൂന്ന് ലോക്കൽകമ്മറ്റി അംഗങ്ങൾക്കും ഒരു ഏരിയാകമ്മറ്റി അംഗത്തിനുമെതിരെയാണ് നേരത്തെ കെഎസ് ബിമൽ സാംസ്കാരികഗ്രാമവുമായി സഹകരിച്ചതിന്റെ പേരിൽ നടപടിയെടുത്തത്. ഇക്കൂട്ടത്തിൽ ഏരിയാകമ്മറ്റി അംഗമായിരുന്ന വി രാജിവനെ ലോക്കൽകമ്മറ്റയിലേക്ക് തരം താഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദീവസം നടന്ന സമ്മേളനത്തിൽ രാജിവനെ ലോക്കൽകമ്മറ്റിയിൽ നിന്നും ഒഴിവാക്കി.
നേരത്തെ എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗവും സംസ്ഥാന വൈസ്പ്രസിഡണ്ടുമായിരുന്ന കെഎസ് ബിമൽ അർബുധബാധിതനായി മരിക്കും മുന്പ് ടിപി ചന്ദ്രശേഖരൻറെ കൊലപാതകത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബിമലിന്‍റെ പേരിൽ സൂഹൃത്തുകൾ നിർമ്മിക്കുന്ന സാംസ്കാരികഗ്രാമത്തോട് സഹകരിക്കരുതെന്ന് സിപിഎം നിർദ്ദേശിച്ചിരുന്നു. അത് ലംഘിച്ചത് കാരണമാണ് പ്രധാന നേതാക്കൾക്കെതിരെ നടപടി തുടരുന്നത്.
ഇതിനിടെയാണ് മേമുണ്ട ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ വിഡിയോ ഇതേ സാംസ്കാരികഗ്രാമത്തിൽ വെച്ച് ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും. സ്മാരകനിർമ്മാണത്തിൽ സഹകരിച്ചവർക്കെതിരെ നടപടി തുടരുമ്പോഴാണ് അതേ സ്മാരകത്തിൽ ചെന്ന് പാർട്ടി സമ്മേളനത്തിനായി ഒരു വിഭാഗം പ്രചാരണ വിഡിയോ തയ്യാറാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam