
മാന്നാർ: സ്റ്റാർ ടിവിയിൽ അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും അവതരിപ്പിച്ചിരുന്ന 'കോൻ ബനേഗാ ക്രോർപതി' മത്സരത്തിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാളികളിൽ ഒരാളും മാന്നാറിലെ ആദ്യ പൊതുമേഖലാ ഗ്യാസ് ഏജൻസിയുടെ ഉടമയുമായ മാന്നാർ കുട്ടമ്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) യാത്രയായി.
കോൻ ബനേഗാ ക്രോർപതിയിൽ ഷാറൂഖിന് മുന്നിലെ ഹോട്ട് സീറ്റിൽ ഇരുന്നത് മുണ്ട് ഉടുത്തതായിരുന്നു സംഭവം. ഒന്ന് അമ്പരന്ന ഷാറൂഖ് ഖാനും മുണ്ടുടുത്തായിരുന്നു പിന്നീട് പരിപാടി അവതരിപ്പിച്ചത്. ഷാരൂഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാധ്യമങ്ങളിൽ അത് വാർത്തയായി. അന്ന് നല്ല വിജയം നേടിയ സഞ്ജയനെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് കൊടുത്താണ് ഖാൻ യാത്രയാക്കിയത്.
മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി ഇദ്ദേഹത്തിൻ്റേതായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എംബിഎ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസായ മാന്നാറിലെ ആദ്യ വ്യക്തിയായിരുന്ന സഞ്ജയ്. ചരിത്രം ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ഭാരതചരിത്രത്തെ പറ്റി അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷയിൽ തെരഞ്ഞെടുത്ത പ്രധാന വിഷയം ഭാരത ചരിത്രമായിരുന്നു. ഈ വിഷയത്തിൽ മൂന്നാം റാങ്ക് നേടാൻ സാധിച്ചു.
പ്രായമേറിയ സമയത്ത് എൽഎൽബി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടി സഞ്ജയ്. ഇദ്ദേഹത്തെ പോലെ മകനും എൽഎൽബിക്കും എൽഎൽഎമ്മിനുമായി ഒന്നാം റാങ്ക് സ്വന്തമാക്കിയതും മകൾക്ക് എക്കണോമിക്സ് സർവകലാശാലാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതടക്കം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. പരേതരായ ലെഫ്.കേണൽ (റിട്ട) പി വി കെ പിള്ളയുടേയും റിട്ട. അധ്യപിക സരോജനിയമ്മയുടേയും മകനാണ് ഇദ്ദേഹം. അകാലത്തിൽ മരണപ്പെട്ട ജയശ്രീ ആണ് ഭാര്യ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam