
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ കച്ചക്കെട്ടിയ സി പി എം സ്ഥാനാർഥി പട്ടിക, ചെറുപ്പവും പരിചയസമ്പത്തും അനുഭവ പരിചയവും കൈമുതലാക്കിയുള്ളതാണ്. സി പി എം സ്ഥാനാർഥി പട്ടിക നാടിനെയും നാട്ടുകാരെയും അറിയുന്നവർക്ക് മുൻഗണന നൽകിയുള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാകും. അതത് മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരെയും യുവത്വത്തെയും ഒരുപോലെ പരിഗണിച്ചാണ് സി പി എം പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്ഥാനാർഥികൾക്കെതിരെ 'നാട്ടുകാരെ' ഇറക്കിയുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. കവടിയാറിലെ കോൺഗ്രസിന്‍റെ താര സ്ഥാനാർഥി ശബരിനാഥനെതിരെ നാട്ടുകാർക്കെല്ലാം സുപരിചിതനായ സുനിൽകുമാറിനെയാണ് തുറുപ്പുചീട്ടായി ഇറക്കിയിരിക്കുന്നത്. ശാസ്തമംഗലത്ത് ബി ജെ പിക്ക് വേണ്ടി രംഗത്തിറങ്ങിയ മുൻ ഡി ജി പി ആർ ശ്രീലേഖയയെ നേരിടാനുള്ള നിയോഗം നാട്ടുകാരിയായ ആർ അമൃതയെയാണ് സി പി എം ഏൽപ്പിച്ചിരിക്കുന്നത്.
തലസ്ഥാന നഗര ഭരണം പിടിക്കാനുള്ള പോരാട്ടം അത്യന്തം ആവേശകരമാക്കിയാണ് സി പി എം ഇന്ന് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 4 ജില്ലാ കമ്മിറ്റി അംഗങ്ങളും 3 ഏരിയ സെക്രട്ടറിമാരടക്കമുള്ള പട്ടികയിൽ വലിയ പ്രതീക്ഷയാണ് സി പി എം പങ്കുവച്ചിട്ടുള്ളത്. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനില്ല എന്നതാണ് സി പി എം പട്ടികയിലെ ശ്രദ്ധേയമായ ഒരു കാര്യം. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും മേയർ ആര്യ ഉണ്ടായിരുന്നില്ല. മേയർ കോഴിക്കോട് ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തത് എന്നാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ വ്യക്തമാക്കിയത്.
കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തിയാണ് എൽ ഡി എഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു. നേരത്തെ കോണ്‍ഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 93 സീറ്റുകളിലാണ് എൽ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും. സി പി എം 70 സീറ്റിലും സി പി ഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബി ജെ പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി പി എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്.