
ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് ട്രെയിനെത്തി കൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്. ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിൽ കാട് പിടിച്ച സ്ഥലത്താണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസ് ആണ് കടന്നുപോയത്.
ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നുവെന്ന് നിഷാദ് പറഞ്ഞു. ഏഴ് മണിക്ക് ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ അങ്ങോട്ടേക്ക് പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോൾ ഹരിപ്പാട് നിന്ന് പാസ് ചെയ്യാത്ത ഒരു ട്രെയിൻ വരുന്നുണ്ടെന്നും ഒരാൾ ട്രാക്കിൽ നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ട്രെയിൻ പിടിച്ചിടുന്ന കാര്യം അന്വേഷിച്ചെങ്കിലും ഹരിപ്പാട് നിന്ന് വിട്ടെന്നും അടുത്ത് എത്താറായെന്നും ഇനി പിടിക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. ഏകദേശം 200 മീറ്റര്‍ ദൂരെ ഒരാൾ നിൽപ്പുണ്ടെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. തുടര്‍ന്ന് ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു.
ഏകദേശം 100 മീറ്റര്‍ എത്തിയപ്പോൾ ട്രെയിൻ വരുന്നത് കാണുന്നുണ്ടായിരുന്നു. യുവാവ് ട്രാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഓടി യുവാവിന് അടുത്ത് എത്തുക പ്രയാസകരമായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ടതോടെ ഡാ ചാടെല്ലെടാ പ്ലീസ്... എന്ന് അലറി വിളിക്കുകയായിരുന്നു. ചെരുപ്പ് ഊരി പോയതുകൊണ്ട് ട്രാക്കിലൂടെ ഓടാൻ വളരെ ബുദ്ധിമുട്ടി. ഇതിനിടെ കാല് തെറ്റി താനും ട്രാക്കിൽ വീണു. ഭാഗ്യത്തിന് ട്രെയിൻ വരുന്നതിന് മുമ്പ് ഇപ്പുറത്തേക്ക് മാറാൻ കഴിഞ്ഞുവെന്നും നിഷാദ് പറഞ്ഞു. എന്തായാലും വിളി കേട്ടതോടെ യുവാവും ട്രാക്കിൽ നിന്ന് മാറി. വീട്ടിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും നിഷാദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam