താളം തെറ്റുന്ന ക്രമസമാധാനം; നിയമം കൈയിലെടുത്ത് അക്രമികള്‍

By Web TeamFirst Published Mar 14, 2019, 12:50 PM IST
Highlights

 കാസര്‍കോട് ആയുധമുപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പക്ഷേ... പാറശാലയിലെ ഏറ്റുമുട്ടലില്‍ കൊലനടക്കാത്തതിനാല്‍ ആയുധത്തെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയില്ല.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍റെ തിരക്കിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംസ്ഥാനത്തെ ക്രമസമാധാന പാലനം താളം തെറ്റുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ വ്യാപകമായ അക്രമങ്ങളാണ് ഇതിന് തൊട്ട്മുമ്പ് നടന്നതെങ്കില്‍ ഇപ്പോള്‍ ആള്‍ക്കൂട്ട കൊലപാതകമാണ് വ്യാപകമാകുന്നത്. അക്രമങ്ങളുടെ തലസ്ഥാനമായി തിരുവനന്തപുരം തന്നെ മാറുകയാണ്. 

സര്‍ക്കാറിന്‍റെ മൂക്കിന് താഴെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തട്ടികൊണ്ടു പോകലുകളും കൊലപാതകങ്ങളും അരങ്ങേറിയത്. ശബരിമല അക്രമ സംഭവത്തിന് ശേഷം സംസ്ഥാനം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സിപിഎം പാര്‍‌ട്ടി അംഗം പീതാംബരന്‍റെ നേതൃത്വത്തില്‍ കാസര്‍കോട് കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതാണ്. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെങ്കിലും അത് രാഷ്ട്രീയ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു. 

തുടര്‍ന്നിങ്ങോട്ട് പൊലീസിന്‍റെ നിഷ്ക്രിയത്വം വിളിച്ചറിയിക്കുന്നതരത്തിലായിരുന്നു തട്ടികൊണ്ടുപോകലും കൊലപാതകവും കേരളത്തില്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് കൊച്ചിയിലെ പാലച്ചുവടില്‍ ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പാലച്ചുവട് സ്വദേശി ജീവന്‍ ടി വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. അപകടമരണമെന്ന് തോന്നിപ്പിച്ച സംഭവമാണ് ആൾക്കൂട്ട കൊലപാതകമെന്ന് ഒടുവിലാണ് തിരിച്ചറിഞ്ഞത്.

പ്രതികളുടെ ബന്ധുമായ യുവതിയുമായി ജീവനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പതിനാല് പേര്‍ ചേര്‍ന്ന് ജീവനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കേസ്. മരണശേഷം മൃതദേഹം രണ്ട് കിലോമീറ്റര്‍‌ ദൂരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 26 ന് നടന്ന കെവിന്‍ വധക്കേസിന് ശേഷമുണ്ടായ ആള്‍ക്കൂട്ട ദുരഭിമാനക്കെലയ്ക്ക് സമാനമായ ആള്‍ക്കൂട്ട ദുരഭിമാന കൊലയാണ് മാര്‍ച്ച് 11 നടന്ന വര്‍ഗ്ഗീസിന്‍റെ കൊലയും.

ഈ സംഭവത്തിന് തൊട്ട് പുറകേയാണ് തിരുവല്ല നഗരത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ അജിന്‍ റെജി മാത്യു എന്ന യുവാവ് കുത്തി വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അറുപത് ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്ല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പലവട്ടം യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

കല്യോട്ടെ ഇരട്ടകൊലപാതകത്തിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമസംഭവമായിരുന്നു, മാര്‍ച്ച് 10 നാണ് തിരുവനന്തപുരം പാറശാലയില്‍ ബിജെപി - സിപിഎമ്മും തമ്മില്‍ നടന്നത്. കാസര്‍കോട് ആയുധമുപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പക്ഷേ... പാറശാലയിലെ ഏറ്റുമുട്ടലില്‍ കൊലനടക്കാത്തതിനാല്‍ ആയുധത്തെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയില്ല. പാറശാലയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നാല് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പുണ്ടായ തർക്കമാണ് സിപിഎം - ബിജെപി അക്രമത്തിൽ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. 

മാര്‍ച്ച് 8 ന് വൈത്തിരിയില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകളില്‍ സി പി ജലീല്‍ എന്നയാളെ വെടിവെച്ച് കൊന്നത് പക്ഷേ, സര്‍ക്കാര്‍ തന്നെയായിരുന്നു. മറ്റൊള്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റെന്ന് പറയുമ്പോഴും അയാള്‍ക്ക് പിന്നീടെന്ത് സംഭവിച്ചെന്ന് പറയാന്‍ സര്‍ക്കാറിനോ പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ആ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സര്‍ക്കാര്‍ പല കാര്യങ്ങളും ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. 

തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് മൂന്ന് ദിവസം മുമ്പാണ്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘമാണ് കടത്തി കൊണ്ടുപോയത്. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയിത്.  കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നി​ഗമനം. 

മാര്‍ച്ച് 11 നാണ് കോഴിക്കോട് കാരന്തൂര്‍ കുഴിമയില്‍ മൂസയുടെ മകന്‍ അര്‍ഷാദിനെ സാമ്പത്തിക ഇടപാടിന്‍റെ പേരില്‍‌ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഉപേക്ഷിച്ചത്. താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്ത് ആളൊഴിഞ്ഞ ഭാഗത്ത് മരിച്ചെന്ന് കരുതി അക്രമിസംഘം അര്‍ഷാദിനെ ഉപേക്ഷിക്കുകയായിരുന്നു.  

ഇന്നലെ (മാര്‍ച്ച് 13) യാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ മുഹമ്മദ് റോഷൻ (23), റിഷിൻ (21) എന്നിവരെ തട്ടിക്കൊണ്ട് പോയതായാണ് അമ്മ പരാതി നൽകിയത്. വീട്ടിൽ നിന്ന് മർദ്ദിച്ച് വാഹനത്തിൽ കൊണ്ടുപോയെന്ന് അയൽവാസികൾ കണ്ടതായും പരാതിയിൽ പറയുന്നു.  

തെന്മലയിൽ സ്കൂളിലേക്ക് പോകും വഴി ആര്യങ്കാവ് ചേനഗിരി എസ്റ്റേറ്റിലെ ടാപ്പിംഗ് ജീവനക്കാരനായ ലക്ഷ്മണന്‍റെ മകൻ ഷെറിൻ (12) എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബോധംകെടുത്തി കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതും ഇന്നലെയാണ്. ബോധം വന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍ നിന്ന് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടുകയായിരുന്നു. അതേസമയം തെന്മല പോലീസ് കേസ് എടുക്കാൻ തുടക്കത്തിൽ വിമുഖത കാട്ടിയതായി മാതാപിതാക്കൾ ആരോപിച്ചു. ഇതിനിടെ കാട്ടാക്കട പൂവച്ചലിൽ നിന്ന് ആറു വയസുകാരനെ കാറിൽ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. 

പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചുവന്ന ഷർട്ടിട്ടയാളാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എത്തിചേര്‍ന്ന പൊലീസ് നിരപരാധിയായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയത് കായംകുളത്ത്. എരുവ തുണ്ടുപറമ്പിൽ  ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകൻ ഷാദിലിനേയും ഹയറുന്നിസയുടെ സഹോദരൻ നിസാമിന്റെ മകൻ ഷാഹിദിനെയാണ് പൊലീസ് സംഘം മർദ്ദിച്ചത്. ചുവന്ന ഷർട്ടിട്ട ഷാദിലിനേയും ഒപ്പമുണ്ടായിരുന്ന ഷാഹിദിനേയും പൊലീസ് അവിടെവെച്ച് മർദിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിശദമായ ചോദ്യംചെയ്യലിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ഇവരല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡിവൈഎസ്പി ആർ ബിനു നടത്തിയ അന്വേഷണത്തില്‍ എസ്‌ ഐ മാരുൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. 

ഫെബ്രുവരി 14 ന് ബന്ധുവായ പെണ്‍കുട്ടിക്ക് നേരെ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നതിന്‍റെ പേരില്‍ കൊല്ലത്ത് ആള്‍കൂട്ടം തല്ലികൊന്നത് നിരപരാധിയായ രജ്ഞിത്തെന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ്. പ്രതിപട്ടികയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിളളയും ജയില്‍ വര്‍ഡന്‍ വിനീതും പ്രതികളാണ്. തുടക്കം മുതല്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ശ്രമമെന്ന് ആരോപണമുയര്‍‌ന്നിരുന്ന കേസാണിത്. 

ഇതിനൊക്കെ പുറമേയാണ് ആലപ്പുഴയിലും കൊച്ചിയിലും നദികളില്‍ കഴിഞ്ഞ മാസങ്ങളില്‍ പൊന്തിവന്ന അജ്ഞാത മൃതദേഹങ്ങള്‍. ഇവയില്‍ പലതും മധ്യവയസ്കരായ സ്ത്രീകളുടെതായിരുന്നു. മിക്ക കേസിലും സംസ്ഥാന പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. 

സർക്കാരിന്‍റെ 1000 ദിവസം ആഘോഷിച്ച് ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നത്  തൽക്കാലം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇടതുസർക്കാരിന്‍റെ കാലത്ത് ഇതുവരെ നടന്നത് 21 രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ്. ഇതിൽ 12 പേർ ബിജെപിക്കാരാണ്. ഒരു സിപിഎം വിമതൻ. 3 കോൺഗ്രസുകാർ. 3 സിപിഎമ്മുകാർ , 2 മുസ്ലിം ലീഗുകാർ എന്നിങ്ങനെയാണ് കൊലക്കത്തിക്ക് ഇരായവരുടെ രാഷ്ട്രീയം. ഏറ്റവും കൂടുതൽ  പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത് കണ്ണൂരാണ്. 10 പേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ കണക്കുകള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെയും ഇടതുപക്ഷ സര്‍ക്കാറിന്‍റെയും ഉറക്കം കെടുത്തുകയാണ്. 

click me!