ദേവികുളത്ത് സിപിഎം വിഭാഗീയത രൂക്ഷം; ഓഫീസ് പൂട്ടിയിട്ടതിനെ തുടര്‍ന്ന് കൊടിയില്ലാതെ പ്രതിഷേധ മാര്‍ച്ച്

By Web TeamFirst Published Dec 19, 2019, 9:11 PM IST
Highlights

ദേവികുളത്ത് സിപിഎം വിഭാഗീയത രൂക്ഷമാകുന്നു. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിയിൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് മൂന്നാർ ഏരിയ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നും ലോക്കൽ കമ്മറ്റി അംഗങ്ങൾ വിട്ടുന്നു. 

ഇടുക്കി: ദേവികുളത്ത് സിപിഎം വിഭാഗീയത രൂക്ഷമാകുന്നു. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിയിൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് മൂന്നാർ ഏരിയ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നും ലോക്കൽ കമ്മറ്റി അംഗങ്ങൾ വിട്ടുന്നു. 

പാർട്ടി ഓഫീസ് പൂട്ടിയതോടെ കൊടിയില്ലാതെയാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ദേവികുളം എസ്.ഐ ദിലീപ് കുമാറിനെതിരെയാണ് വിവിധ   ആരോപണങ്ങളുന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയങ്ങള്‍ക്കെതിരായാണ് ദേവികുളം എസ്ഐ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പോലീസിന് മാനക്കേടുണ്ടാക്കുകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സിഐടിയു ജില്ലാ കമ്മിറ്റിയംഗം ജോയ് ജെ പറഞ്ഞു. 

വിവിധ കേസുകളിൽ പിടികൂടുന്നവരെ  ഇടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് ദേവികുളം എസ്ഐയുടെ പണിയെന്ന് പ്രതിഷേധ യോഗത്തില്‍ പ്രസംഗിച്ച സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി കെകെ വിജയന്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ ദേവികുളം എസ്ഐക്കെതിരെ നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ പോസ്റ്ററുകൾ വിവിധ ഇടങ്ങളിൽ പതിച്ചിരുന്നു. 

എന്നാൽ മറുപടി പോസ്റ്ററുകൾ അല്‍പസമത്തിനുള്ളിൽ ദേവികുളം മേഖലയിൽ പ്രത്യക്ഷപ്പെട്ടു. ഇടതുമുന്നണിയിലെ ചില പ്രവർത്തകരാണ് ഇതിനുപിന്നിലെന്ന് വ്യക്തമായിരുന്നു. പ്രതിഷേധ മാർച്ചിൽ ദേവികുളം ലോക്കൽ കമ്മറ്റി അംഗങ്ങളടക്കം വിട്ടു നിൽക്കുക മാത്രമല്ല  മാർച്ചിൽ പങ്കെടുക്കുന്നവർക്ക് കൊടി ലഭിക്കാതിരിക്കാൽ പാർട്ടി ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. 

ഇരു വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയതയാണ് കാരണം. ജില്ലാ കമ്മറ്റിയടക്കം പ്രശ്നങ്ങളിൽ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇരുവിഭാഗങ്ങൾ  തർക്കം ഫലത്തിൽ സിപിഐക്ക് ഗുണം ചെയ്തു. സിപിഎമ്മിൽ നിന്നും നൂറുകണക്കിന് പേരാണ് സിപിഐ ലേക്ക് ചേക്കേറിയത്.

click me!