മുല്ലയ്ക്കൽ ചിറപ്പിനിടെ വഴിയോരക്കടയില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

By Web TeamFirst Published Dec 19, 2019, 4:53 PM IST
Highlights

ജില്ലയിലെ പ്രസിദ്ധമായ മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്‍റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കൽ നിന്ന് ടാറ്റൂ  പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. 

ആലപ്പുഴ: ജില്ലയിലെ പ്രസിദ്ധമായ മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്‍റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കൽ നിന്ന് ടാറ്റൂ  പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. നഗരത്തിലെ പ്രമുഖ സ്കൂളിലെ യുപി സ്കൂൾ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം കൈകളിൽ ടാറ്റൂ പതിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്.

തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.മൈലാഞ്ചി പതിക്കൽ എന്ന പേരിൽ തെരുവിൽ ലേലം പിടിച്ച് കട നടത്തുന്നവരാണ് ടാറ്റൂ പതിക്കലും നടത്തുന്നത്. ആൺകുട്ടികളാണ് മുഖ്യമായും ഇവരുടെ വലയിൽ വീഴുന്നത്. വിവിധ ആകൃതികളിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീരഭാഗങ്ങളിലും പലരും പതിപ്പിച്ചു.

യുപി സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് പേരുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നതെങ്കിലും പലരും പൊള്ളൽ രഹസ്യമാക്കി വെച്ചിരിക്കുന്നതായി സംശയമുണ്ടെന്നും അധ്യാപകർ പറയുന്നു. മുൻ വർഷങ്ങളിൽ കൈകളിൽ വഴിയോര കച്ചവടക്കാർ പതിക്കുന്ന ഇൻസ്റ്റന്‍റ് മെലാഞ്ചിയും പലർക്കും പൊള്ളലിന് കാരണമായിട്ടുണ്ട്. സംഭവം അറിഞ്ഞതിനെത്തുടർന്ന് ടാറ്റൂ പതിക്കൽ നടത്തിയ കച്ചവടക്കാരെ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു.

click me!