എസ്റ്റേറ്റ് കൊലപാതകം: ബോബിന്‍ കൊല നടത്തിയത് സഹായിച്ച ഇസ്രവേലിന്റെ ഭാര്യയെ സ്വന്തമാക്കാന്‍

By Web TeamFirst Published Jan 19, 2019, 5:10 PM IST
Highlights

കൊലപാതകം നടത്താന്‍ ബോബിനെ സഹായിച്ചതിന് അറസ്റ്റിലായ കപിലയാണ് ബോബിന്റെ കാമുകി. ഈ വിവരം തിരിച്ചറിയാതെയാണ് കപിലയുടെ ഭര്‍ത്താവ് ഇസ്രവേല്‍ ബോബിനെ കൊലപാതകങ്ങള്‍ നടത്താന്‍ സഹായിച്ചത്. 

നടുപ്പാറ: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി ബോബിന്‍. കാമുകിയുമായി ഒന്നിച്ച് ജീവിക്കാനായിരുന്നു മോഷണങ്ങളും കൊലപാതകങ്ങളും ആസുത്രണം ചെയ്തതെന്ന് മുഖ്യപ്രതി ബോബിന്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകം നടത്താന്‍ ബോബിനെ സഹായിച്ചതിന് അറസ്റ്റിലായ കപിലയാണ് ബോബിന്റെ കാമുകി. ഈ വിവരം തിരിച്ചറിയാതെയാണ് കപിലയുടെ ഭര്‍ത്താവ് ഇസ്രവേല്‍ ബോബിനെ കൊലപാതകങ്ങള്‍ നടത്താന്‍ സഹായിച്ചത്. ഇസ്രവേലിനെ കൊലപ്പെടുത്താനും ബോബിന് പദ്ധതിയുണ്ടായിരുന്നു. ഇത് നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ക്ക് ഇടയിലാണ് കപിലയും ഭര്‍ത്താവും പൊലീസ് പിടിയിലാവുന്നത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പൂപ്പാറ നടുപ്പാറയിൽ കെ കെ എസ്റ്റേറ്റ് ഉടമ  ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം നടത്താന്‍ മുഖ്യപ്രതിയായ ബോബിനെ സഹായിച്ചതിന് ദമ്പതികളായ ഇസ്രവേലിനെയും കപിലയേയും പൊലീസ്  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബോബിനെ ഒളിവിൽ കഴിയാനും എസ്റ്റേറ്റിൽ നിന്നും മോഷ്ടിച്ച ഏലം വിൽക്കാനും സഹായിച്ച ചേറ്റുപാറ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.  ഇതിന് പിന്നാലെയാണ് മുഖ്യപ്രതി ബോബിനെ തമിഴ്നാട്ടിലെ മധുരൈയിൽ നിന്ന് പിടിയിലായത്. എസ്റ്റേറ്റിലെ ഏലക്ക വിറ്റതിലൂടെ കിട്ടിയ ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് ബോബിൻ ഒളിവിൽ പോയത്. മധുരയിൽ രണ്ട് ദിവസം തങ്ങിയ പ്രതി സിനിമ കണ്ടിറങ്ങിയപ്പോൾ  തിയേറ്ററിനു മുന്നിൽ നിന്നാണ് പൊലീസ് പിടിയിലായത്. 
 

click me!