'പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ'; സിഎസ്ആർ ഫണ്ട് വെട്ടിച്ച അനന്തുകൃഷ്ണൻ ചില്ലറക്കാരനല്ല, ഓഡിയോയും പുറത്ത്

Published : Feb 02, 2025, 03:43 AM IST
'പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ'; സിഎസ്ആർ ഫണ്ട് വെട്ടിച്ച അനന്തുകൃഷ്ണൻ ചില്ലറക്കാരനല്ല, ഓഡിയോയും പുറത്ത്

Synopsis

തട്ടിപ്പിന് കളമൊരുങ്ങുന്നെന്ന് നേരത്തെ പൊലീസിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എറണാകുളത്തുളള ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. അനന്തുവിന്‍റെ സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എൻ.ജി.ഒകളും സംശയത്തിന്‍റെ നിഴലിലാണ്.

തൊടുപുഴ: സിഎസ്ആർ ഫണ്ടിന്‍റെ പേരിൽ കോടികൾ വെട്ടിച്ചതിന് അറസ്റ്റിലായ അനന്തുകൃഷ്ണനെതിരെ കൂടുതൽ പരാതിയുമായി വഞ്ചിക്കപ്പെട്ടവർ. അനന്തു പിടിയിലായതോടെ, സമാനരീതിയിൽ മറ്റ് ജില്ലകളിലും കോടികളുടെ തട്ടിപ്പ് നടന്നതായി പലരും പോലിസിനെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആരും പരാതി നൽകരുതെന്ന് അനന്തുവിന്റെ പേരിൽ ശബ്ദ സന്ദേശം പ്രചരിച്ചു തുടങ്ങി. വനിത ശാക്തീകരണത്തിന്റെ പേരിൽ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും തയ്യൽമെഷീനും ഗൃഹോപകരണങ്ങളും. കേന്ദ്രസർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ് ആർ ഫണ്ടുണ്ടെന്നും പറഞ്ഞ് അനന്തു കോടികൾ തട്ടിയത് 62 സീഡ് സൊസൈറ്റികൾ വഴിയാണെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ വിശ്വാസ്യത നേടിയെടുത്തത്. പകുതി വിലനൽകി ലാപ്ടോപ്പിനും സ്കൂട്ടറുകൾക്കുമൊക്കെ കാത്തിരുന്ന വനിതകൾക്ക് ആദ്യഘട്ടത്തിൽ ഉത്പന്നങ്ങൾ എത്തിച്ചുനൽകി. സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്തിയതോടെ, വിശ്വാസ്യതക്കൊപ്പം അനന്തുവിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ കോടികളെത്തി.

തട്ടിപ്പിന് കളമൊരുങ്ങുന്നെന്ന് നേരത്തെ പൊലീസിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എറണാകുളത്തുളള ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. അനന്തുവിന്‍റെ സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എൻ.ജി.ഒകളും സംശയത്തിന്‍റെ നിഴലിലാണ്. ഇവരുടെ പ്രവർത്തന രീതിയുൾപ്പെടെ പൊലീസ് അന്വേഷിച്ചുതുടങ്ങി. അനന്തു അറസ്റ്റിലായതോടെയാണ് വഞ്ചിക്കപ്പെട്ടവ‍ർ പരാതിയുമായി എത്തിയത്. നിലവിൽ മൂവാറ്റുപുഴയിലും നെടുങ്കണ്ടത്തുമാണ് പരാതികളുളളത്. സീഡ് സൊസൈറ്റികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. അറസ്റ്റിലാവുന്നതിന് മുമ്പ് അനന്തു സഹപ്രവർത്തകർക്ക് വാട്ട്സ്ആപ് വഴി നൽകിയ നിർദ്ദേശമെന്ന പേരിൽ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്.

കൂടുതൽ പരാതികൾ വരാതെ കോ-ഓർഡിനേറ്റർമാർ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ തനിക്ക് ഉടനൊന്നും പുറത്തിറങ്ങാനാവില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഈ ശബ്ദ സന്ദേശത്തിന്‍റെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അനന്തുകൃഷ്ണനെതിരെ പരാതി കിട്ടുന്ന മുറയ്ക്ക് സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി വെവ്വേറെ എഫ്ഐആർ ഇട്ടാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കോടികൾ വെട്ടിച്ച കേസായതിനാൽ ക്രൈംബ്രാ‌ഞ്ചോ മറ്റേതെങ്കിലും ഏജൻസിയോ തുടരന്വേഷണം നടത്തുമെന്നാണ് വിവരം. റിമാൻഡിലുളള അനന്തുവിന് വേണ്ടി തിങ്കളാഴ്ച മൂവാറ്റുപുഴ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

Read More : യുപിയിലേക്ക് ഇന്ന് പോകാൻ തീരുമാനിച്ചു, പക്ഷേ ഉച്ചക്ക് മുഖീബിനെ തന്‍റെ മുറിയിൽ കണ്ടു'; വെള്ളമുണ്ടയിൽ സംഭവിച്ചത്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്