
കഞ്ചിക്കോട്: കാഴ്ചശക്തി കുറഞ്ഞ ചുരുളിക്കൊമ്പൻ(പി ടി–5) ജനവാസമേഖലയിലും പയറ്റുകാടിന് സമീപത്തെ റെയിൽവേ ട്രാക്കിലുമെത്തി. ഇതേത്തുടർന്ന് പാലക്കാട്- കോയമ്പത്തൂർ മെമു 10 മിനിറ്റ് നിർത്തിയിട്ടു. ജനവാസമേഖലയിലേക്ക് കടന്ന ആന മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം ജി പ്രത്യുഷ്-കുമാറിന്റെ വീട്ടുവളപ്പിലെത്തി. വനം വകുപ്പിന്റെ തുടർച്ചയായ നിരീക്ഷണമുള്ളതിനാൽ ആനയെ പടക്കം പൊട്ടിച്ച് ഉൾക്കാട്ടിലേക്ക് തുരത്തി. ഒരുമാസമായി മലമ്പുഴ കോങ്ങാട്ടുപാടത്ത് നിലയുറപ്പിച്ച ഒറ്റയാൻ കഞ്ചിക്കോട് ജനവാസ മേഖലയിലെത്തിയിട്ട് രണ്ടുദിവസമായി.
കാഴ്ചശക്തി കുറഞ്ഞ ആനയുടെ ശരീരത്തിൽ മറ്റ് ആനകൾ ആക്രമിച്ചതിന്റെ അടയാളങ്ങളുള്ളതായി നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുൻപ് പി ടി–14 എന്ന ഒറ്റയാൻ പ്രത്യുഷ്-കുമാറിന്റെയും ബന്ധുവിന്റെയും വീട്ടിലും പറമ്പിലുമെത്തി കൃഷി നശപ്പിച്ചിരുന്നു. തുടർച്ചയായി ആനകളുടെ ആക്രമണത്തിൽ ബുദ്ധിമുട്ടുകയാണ് കഞ്ചിക്കോട് നിവാസികൾ.
അതിനിടെ, PT 5 ന് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ പ്രാഥമിക ചികിത്സ ഫലം കാണാത്തതോടെയാണ് അടുത്ത ഘട്ട നടപടിയിലേക്ക് നീങ്ങുന്നത്. മയക്കുവെടി വെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിൽസിക്കാനായിരിക്കും നീക്കം. ആനയെ നിരീക്ഷിച്ചു വരുന്ന സമിതി ഇതേസംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും. നേരത്തെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും ആന എല്ലാദിവസവും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം മേഖലയിലെ PT 14 എന്ന ആന ചുരുളികൊമ്പനെ ആക്രമിച്ചു മുറിവേൽപ്പിച്ചിരുന്നു. കൂടുതൽ സങ്കീർണമാകും മുമ്പ് രണ്ടാം ഘട്ട ദൗത്യം തുടങ്ങാനാണ് വനംവകുപ്പിന്റെ ശ്രമം. റേഡിയോ കോളറിലെ സിഗ്നൽ പരിശോധിച്ചു ആനയെ പ്രത്യേക സംഘം നിരീക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam