
കോട്ടയം: ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ പേരിലും വാട്ട്സ് ആപ്പ് തട്ടിപ്പ്. എസ് പിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് വ്യാജൻ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. 8369282802 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം ആയിരിക്കും. പിന്നെ തട്ടിപ്പിലേക്ക് കടക്കും.
ഇത്തരം മെസ്സേജുകൾക്ക് പൊതുജനങ്ങൾ യാതൊരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മേധാവി അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് ജില്ലാ കലക്ടർ പി കെ ജയശ്രീയുടെ ചിത്രം ഉപയോഗിച്ചും വാട്സ് ആപ്പ് തട്ടിപ്പ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് എസ് പിയുടെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പ്. സംഭവത്തെ പറ്റി പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് വിദേശ തട്ടിപ്പു സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി റമൈൻഡ് ഉനീയയാണ് ദില്ലിയിൽ പിടിയിലായത്.2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്.
അമേരിക്കയിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam