
തൃശൂർ: സൈബർ തട്ടിപ്പിലൂടെ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ തൃശൂർ റൂറൽ സൈബർ പോലീസ് മുംബൈയിൽ നിന്ന് പിടികൂടി. മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് (23), അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ (24) എന്നിവരാണ് പിടിയിലായത്.
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. നാപ്റ്റോൾ കമ്പനിയുടെ പേരിൽ ലഭിച്ച പാർസലിലെ ലക്കി ഡ്രോ സ്ക്രാച്ച് ആൻഡ് വിൻ കാർഡിൽ ഒരു മാരുതി സ്വിഫ്റ്റ് ഡിസൈർ കാറും 8,60,000 രൂപയും സമ്മാനമായി ലഭിച്ചതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വിശ്വസിച്ച്, പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻ കാർഡ് എന്നിവ വാട്സാപ്പ് വഴി അയച്ചുകൊടുത്തു.
സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ, കാറിന് പകരം 8,20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന്, രജിസ്ട്രേഷൻ, ജി.എസ്.ടി., ഇൻകം ടാക്സ്, ഗവൺമെന്റ് പെർമിഷൻ എന്നിങ്ങനെയുള്ള വിവിധ ഫീസുകൾ പറഞ്ഞ് പല തവണകളായി പരാതിക്കാരനിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. എല്ലാ തുകയും റീഫണ്ടബിൾ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ പണം കൈപ്പറ്റിയത്. 2023 മാർച്ച് 15 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ 1,61,52,750 രൂപയാണ് ഇവർ തട്ടിയെടുത്തത്.
മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ്: തട്ടിയെടുത്ത പണത്തിൽ നിന്ന് 14 ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് അയച്ച്, എ.ടി.എം. വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയും പ്രധാന പ്രതികൾക്ക് നൽകി. ഇതിന് 2,000 രൂപ കമ്മീഷൻ കൈപ്പറ്റിയതായി കണ്ടെത്തി. അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ എന്നയാളുടെ അക്കൗണ്ടിലേക്ക് 10 ലക്ഷത്തോളം രൂപ അയച്ചതായി കണ്ടെത്തി. കൂടാതെ, സുഹൃത്തുക്കളായ 5 പേരെക്കൊണ്ട് അക്കൗണ്ടുകൾ എടുപ്പിച്ച് തട്ടിപ്പ് പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുകയും, ഇതിന് 30,000 രൂപ കമ്മീഷൻ വാങ്ങുകയും ചെയ്തു. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകളുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam