
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ പോരാട്ടങ്ങൾ കടുക്കുന്നതിനിടെ, സൗഹൃദത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് തൃശ്ശൂർ തിരുവില്വാമല പഞ്ചായത്തിലെ വനിതാ അംഗങ്ങൾ അവതരിപ്പിച്ച റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഗ്രസ്, ബി.ജെ.പി., സി.പി.എം. എന്നീ മുന്നണികളിലെ അംഗങ്ങൾ ഒരുമിച്ചാണ് നൃത്തച്ചുവടുകൾ വെച്ച് ജനഹൃദയങ്ങൾ കീഴടക്കിയത്.
തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻ്റ് കെ. പത്മജ (കോൺഗ്രസ്), സ്ഥിരം സമിതി അധ്യക്ഷമാരായ സ്മിത സുകുമാരൻ (ബി.ജെ.പി.), വിനി ഉണ്ണികൃഷ്ണൻ (സി.പി.എം.), പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എ. ഷബ്‌ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), പ്രശാന്തി രാമരാജൻ, കെ.ടി. സുമതി (സി.പി.എം.), ബേബി രജിത (ബി.ജെ.പി.) എന്നിവരാണ് റീലിൽ അണിനിരന്നത്. കാട്ടുകുളം ആനമലയിൽ വെച്ചാണ് ഈ റീൽ ചിത്രീകരിച്ചത്. ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അഡ്വ. കെ.എ. ഷബ്‌നയാണ് റീൽ ചിത്രീകരണത്തിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ അഞ്ച് വർഷവും തിരുവില്വാമല പഞ്ചായത്തിലെ ഭരണപരമായ കാര്യങ്ങൾ കൗതുകമുണർത്തുന്നതായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബി.ജെ.പി.ക്ക് 6, കോൺഗ്രസിന് 6, സി.പി.എം.ന് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് ആദ്യം ഭരണസമിതി നിലവിൽ വന്നത്. ബി.ജെ.പിയിലെ സ്മിതാ സുകുമാരൻ പ്രസിഡൻ്റും കെ. ബാലകൃഷ്ണൻ വൈസ് പ്രസിഡൻ്റുമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ സി.പി.എം. ഉം കോൺഗ്രസും ചേർന്ന് പ്രമേയത്തിലൂടെ ഈ ഭരണസമിതിയെ താഴെയിട്ടു. പിന്നീട് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിലെ കെ. പത്മജ പ്രസിഡൻ്റും എം. ഉദയൻ വൈസ് പ്രസിഡൻ്റുമായി അധികാരത്തിലെത്തി.
ഭരണസമിതിയുടെ കാലാവധി പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ വൈര്യം മറന്ന് സ്നേഹത്തിനും സൗഹാർദ്ദത്തിനും അതിർവരമ്പുകളില്ലെന്ന് തെളിയിച്ച വനിതാ അംഗങ്ങളുടെ ഈ നൃത്തച്ചുവടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.