
തൈക്കാട്: തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 'തലമുറകളുടെ സംഗമവേദി'യായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളും, ഏറ്റവും പ്രായം കൂടിയ പൂർവ്വ അദ്ധ്യാപകരും ഒന്നിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ ആർക്കിടെക്ട് എൻ. മഹേഷിനെ ചടങ്ങിൽ ആദരിച്ചു. ഗൃഹാതുര ഓർമകളുണർത്തി, സ്‌കൂൾ അസംബ്ലിയോടെ തുടങ്ങിയ പരിപാടിയിൽ പൂർവ്വ അധ്യാപകരെയും 80 വയസ്സ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.
സകുടുംബമാണ് പലരും സംഗമത്തിൽ പങ്കെടുക്കാനെത്തിയത്. സ്‌കൂളിലെ തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലെത്തിയവരിൽ പലരും വിങ്ങിപ്പൊട്ടി. പഴയ സ്‌കൂൾ കാലത്തിൻ്റെ ഓർമകളുണർത്തിയാണ് പരിപാടിക്ക് മുന്നോടിയായി സ്‌കൂൾ അസംബ്ലി നടത്തിയത്. തുടർന്ന് നടന്ന ചടങ്ങിൽ എഞ്ചിനീയറിംഗ് മേഖലയിൽ (ആർക്കിടെക്ചർ) 50 വർഷം തികച്ചതിനാണ് പൂർവ വിദ്യാർത്ഥിയായ ആർക്കിടെക്ട് എൻ. മഹേഷിനെ ആദരിച്ചത്. 1954-ൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായ ഗുരുനാഥ്, ശിവ സ്വാമി, മനോഹരൻ നായർ എന്നിവരെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി നടന്ന പുസ്തക ശേഖരണ യജ്ഞത്തിലും മികച്ച പങ്കാളിത്തമുണ്ടായി. പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും നൽകിയ ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് മാറ്റി. പ്രശസ്ത സിനിമാതാരം നന്ദു, സൂര്യ കൃഷ്ണമൂർത്തി, കിരീടം ഉണ്ണി, പൂർവ്വ അധ്യാപകരെ പ്രതിനിധീകരിച്ച് സി. ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും പുതിയ തലമുറയിൽ പെട്ട കുട്ടികളും ഒത്തുചേർന്ന് ഗ്രൂപ്പ് ഫോട്ടോ പകർത്തി. യോഗത്തിൽ ഡോ. എ സമ്പത്ത് അധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് പ്രഭാകർ സ്വാഗതവും ബിന്ദു ഐ. നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൂളിലെ ഇപ്പോഴത്തെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam