ഇതുവഴി പോയാല്‍ മൊത്തം 'കണ്‍ഫ്യൂഷന്‍'; അപകടവും പതിവ്, പൊതുമരാമത്തിന്‍റെ അനാസ്ഥയെന്ന് നാട്ടുകാര്‍

Published : Feb 12, 2022, 01:05 PM IST
ഇതുവഴി പോയാല്‍ മൊത്തം 'കണ്‍ഫ്യൂഷന്‍'; അപകടവും പതിവ്, പൊതുമരാമത്തിന്‍റെ അനാസ്ഥയെന്ന് നാട്ടുകാര്‍

Synopsis

പച്ചിലക്കാട് ജംങ്ഷന്‍ അപകടക്കെണിയാക്കി മാറ്റിയിതിന്‍റെ ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. 


കല്‍പ്പറ്റ: നാലുപാട് നിന്നുമെത്തുന്ന വാഹനങ്ങള്‍ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കും. ആര് ആദ്യം കടന്നുപോകുമെന്ന ആശയക്കുഴപ്പത്തിനിടെ ശ്രദ്ധ ചെറുതായിയൊന്ന് പാളിയാല്‍ പോലും അപകടമുറപ്പ്. ചരക്കുലോറികള്‍ എത്തിയാല്‍ മൂന്നോ നാലോ തവണ പിറകോട്ട് എടുത്ത് വീണ്ടും തിരിച്ചെടുത്താല്‍ മാത്രമേ ഇവിടം കടക്കാന്‍ കഴിയൂ. യാത്രയ്ക്കിടെ ഇത്രയേറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കൊണ്ട് വയനാട്ടിലെ 'കണ്‍ഫ്യൂഷന്‍ ജംങ്ഷ'നായി മാറിയിരിക്കുകയാണ് പനമരം പച്ചിലക്കാട് ജംങ്ഷന്‍. 

വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് റോഡുകളുടെ വീതിയും സാങ്കേതികത്തികവും അത്യാവശ്യമായ കാലത്തും യാതൊരു ഭാവനയും സാങ്കേതികത്വവുമില്ലാത്തെ നിര്‍മിക്കപ്പെട്ട ഈ കവലയെ ചൊല്ലി പ്രശ്നത്തിലായത് ഇവിടുത്തെ   കച്ചവടക്കാരും വീട്ടുകാരുമാണ്. കല്‍പ്പറ്റ, മീനങ്ങാടി, മാനന്തവാടി റോഡുകള്‍ സംഗമിക്കുന്നയിടമാണ് പച്ചിലക്കാട്. റോഡുകള്‍ നന്നേ വീതി കുറഞ്ഞതിനാലും പ്രധാന റോഡുകള്‍ ഏതെന്ന് തിരിച്ചറിയാന്‍ വിഷമമായതിനാലും ഇവിടെയെത്തുന്ന ഏത് ഡൈവര്‍മാരും ആശയക്കുഴപ്പത്തിലാകുകയാണ്. ഈ ആശയകുഴപ്പത്തില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ പച്ചിലക്കാട് ജംങ്ഷനെ 'കണ്‍ഫ്യൂഷന്‍ ജംങ്ഷന്‍' എന്ന് വിളിക്കുന്നത്. 

വലിയ ചരക്കുവാഹനങ്ങള്‍ക്ക് തിരിയാന്‍ ഏറെ വീതി വേണമെന്നിരിക്കെ, സംസ്ഥാന പാത കൂടി കടന്നുപോകുന്ന ഇവിടെ സാധാരണ റോഡിന്‍റെ വീതി പോലുമില്ലെന്നതാണ് വസ്തുത. പച്ചിലക്കാട് ജംങ്ഷന്‍ അപകടക്കെണിയാക്കി മാറ്റിയിതിന്‍റെ ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുമ്പോള്‍ കവലയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ അനാസ്ഥ കാണിച്ചതാണ് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാന്‍ കഴിയാത്തതും റോഡിന് വീതിയില്ലാത്തതും അപകടം പതിവാക്കുന്നു. അപകടം കുറക്കാന്‍ ജംങ്ഷനില്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ചില ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെട്ടു. 

പച്ചിലക്കാട് ജംങ്ഷന്‍ നിര്‍മാണത്തില്‍ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമുണ്ടായെന്നും ഈ സ്വാധീനത്തെ തുടര്‍ന്നാണ് കവലയിലെ റോഡ് നവീകരണത്തിനായുള്ള സ്ഥലമെടുപ്പ് മുടങ്ങിയതെന്നും പൊതുപ്രവര്‍ത്തകനായ റസാഖ് സി. പച്ചിലക്കാട് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മദ്രസ, സ്വകാര്യ ഇംഗീഷ് മീഡിയം സ്‌കൂള്‍, മുസ്ലീംപള്ളി, ക്ഷേത്രം എന്നിവ ജംങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് പോലും റോഡ് മുറിച്ച് കടക്കാന്‍ അങ്ങേയറ്റം ശ്രദ്ധ വേണമെന്നതാണ് ഇവിടുത്തെ സ്ഥിതി. 

റോഡില്‍ കൃത്യമായ സ്ഥലത്ത് സീബ്രാലൈനുകളോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഫലത്തില്‍ റോഡ് മുറിച്ച് കടക്കണമെങ്കില്‍ ജീവന്‍ പണയം വെക്കണമെന്നതാണ് അവസ്ഥ. ക്ലാസുകളുള്ള ദിവസങ്ങളില്‍ നാട്ടുകാര്‍ റോഡിനിരുപുറവും നിന്നാണ് കുട്ടികളെ റോഡ് കടത്തി വിടുന്നത്. ഇപ്പോള്‍ ചരക്കുലോറികള്‍ അടക്കം വളവ് തിരിച്ചെടുക്കണമെങ്കില്‍ മറ്റ് വാഹനങ്ങളെല്ലാം നിര്‍ത്തിയിടേണ്ട അവസ്ഥയിലാണെന്ന് കവലക്ക് സമീപത്തെ കച്ചവടക്കാരനായ ആലിക്കുട്ടി പറഞ്ഞു. കാല്‍പ്പറ്റ ഭാഗത്ത് നിന്ന് മീനങ്ങാടിയിലേക്കോ തിരിച്ചോ സിമന്‍റടക്കമുള്ള ലോഡുമായി എത്തുന്ന കണ്ടെയ്നര്‍ പോലുള്ള വലിയ വാഹനങ്ങള്‍ മൂന്നോ നാലോ തവണ വരെ പിറകോട്ട് എടുത്താണ് തിരിച്ചെടുക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 

മീനങ്ങാടി റോഡ് ജംങ്ഷനോട് ചേരുന്ന ഭാഗമാണ് തീര്‍ത്തും വീതിയില്ലാതെ കിടക്കുന്നത്. ഇവിടെ ഏറ്റെടുക്കാന്‍ റവന്യൂ ഭൂമിയുണ്ടെങ്കിലും അത് ഏറ്റെടുക്കാതെ നിലവിലുള്ള സ്ഥലത്ത് തന്നെ റോഡ് നിര്‍മ്മിക്കുകയായിരുന്നു.  ഇപ്പോള്‍ ഈ റവന്യൂ ഭൂമിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഉല്‍പ്പന്ന വിപണന കേന്ദ്രം നിര്‍മ്മിച്ചിരിക്കുകയാണ്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നതാണ് ചട്ടം. എന്നാല്‍  ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്വന്തം കെട്ടിട നിര്‍മ്മാണത്തില്‍ പോലും ചട്ടം പാലിച്ചിട്ടില്ലെന്നതിന് റോഡിന് സമീപത്തെ കെട്ടിടം തന്നെ തെളിവാണ്. 

അടുത്തിടെയായി ചെറുതും വലുതുമായി ഏഴോളം അപകടങ്ങള്‍ ജംങ്ഷനിലും സമീപത്തും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. മാനന്തവാടി, പനമരം ഭാഗത്ത് നിന്ന് മീനങ്ങാടിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാനപാത കടന്നുപോകുന്നതിനാല്‍ രാത്രിയും പകലും വ്യത്യാസമില്ലാതെ വാഹനങ്ങളുടെ തിരക്കാണിവിടെ. അതിനാല്‍ മതിയായ നഷ്ടപരിഹാരം നല്‍കി സമീപത്തെ സ്വകാര്യ സ്ഥലങ്ങള്‍കൂടി ഏറ്റെടുത്ത് ജംങ്ഷന്‍റെ വീതി കൂട്ടണമെന്നാണ് വാഹന യാത്രികര്‍ ആവശ്യപ്പെടുന്നത്. 
 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചു, ഇപ്പോൾ ജാതി സംഘടനയുടെ വക്താവായ വിമതയെ പ്രസിഡന്റാക്കാന്‍ നീക്കം'; സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം രാജിവെച്ചു
പാചകം ചെയ്യാത്തത് 3 കിലോ, പാചകം ചെയ്തത് 2 കിലോ ! വീടിന്റെ പിറകിലിട്ട് മ്ലാവിനെ കൊന്ന് കറിവെച്ചു, 2 പേർ പിടിയിൽ