വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും 

Published : May 25, 2024, 11:03 AM ISTUpdated : May 25, 2024, 01:33 PM IST
വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും 

Synopsis

തുടർന്ന് പകൽ സബീറയും സഹോദരിമാരും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്തുനിന്നും മോഷ്‌ടാക്കൾ വന്നതായുള്ള തെളിവുകൾ ലഭിച്ചില്ല.

തിരൂരങ്ങാടി: വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയിൽ വിൽക്കാൻ കൊടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു.

സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടിൽ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു. 

തുടർന്ന് പകൽ സബീറയും സഹോദരിമാരും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്തുനിന്നും മോഷ്‌ടാക്കൾ വന്നതായുള്ള തെളിവുകൾ ലഭിച്ചില്ല. കൂടാതെ മൊബൈൽ ഫോണും പണവും മോഷ്‌ടിച്ചെന്ന് പറയപ്പെടുന്ന പഴ്‌സ് യഥാസ്ഥാനത്ത് കാണപ്പെട്ടതും വാതിലിൽ കേടു പാടുകളില്ലാത്തതും പൂട്ട് പൊളിച്ചതായി കാണപ്പെടാത്തതും സംശയങ്ങൾ ജനിപ്പിച്ചു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സബീറയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. ഇതോടെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനം കോട്ടയ്ക്കൽ വച്ച് അബ്ദുൽ ലത്തീഫ് പിടിയിലാവുകയായിരുന്നു. 

Read More... ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

ലത്തീഫ് ഗൾഫിലാണെന്നാണ് നാട്ടുകാരെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്. എന്നാൽ കോട്ടയ്ക്കൽ ടൗണിലെ  കടവരാന്തകളിലായിരുന്നുവത്രെ ഇയാൾ അന്തിയുറങ്ങിയിരുന്നത്. സബീറയും അബ്ദുൽലത്തീഫും സഹോദരിമാരുടെ മക്കളാണ്. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ വിനോദ്, എസ്.ഐമാരായ സി. രൺജിത്ത്, രാജു, സി.പി.ഒ രാകേഷ്, സീനിയർ സി.പി.ഒ റഹിയാനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

Asianet News Live

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി