14കാരിക്ക് പീഡനം, അച്ഛനോട് പറഞ്ഞെങ്കിലും മറച്ചുവച്ചു, 45 കാരൻ അറസ്റ്റിൽ, അച്ഛനും ബന്ധുവും കൂട്ടുപ്രതികൾ

Published : Jul 16, 2025, 08:20 PM IST
Pocso case arrest

Synopsis

സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവർ പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാൽ ഇരുവരെയും കൂട്ടുപ്രതികളായി കേസിൽ ഉൾപ്പെടുത്തി.

കോട്ടയം: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരനെ കോയിപ്രം പൊലീസാണ് പിടികൂടിയത്. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറ വീട്ടിൽ സുരേഷ് (45) ആണ് അറസ്റ്റിലായിട്ടുള്ളത്. ഈ വർഷം മേയ് 23 ന് ശേഷമുള്ള ഒരു ദിവസം രാത്രി ഉറക്കത്തിലായിരുന്ന കുട്ടിയെ 45കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവർ പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാൽ ഇരുവരെയും കൂട്ടുപ്രതികളായി കേസിൽ ഉൾപ്പെടുത്തി.

പിന്നീട് കുട്ടിയെ പാലയിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ കോയിപ്രം പൊലീസ് കുട്ടിയുടെ വിശദമായ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. വനിതാ സെൽ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച് പൊലീസ് ഇൻസ്‌പെക്ടർ പി എം ലിബി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരായ അഞ്ചുപേർ ചേർന്ന് മർദിച്ചു. പോക്സോ കേസിൽ ജയിലിൽ കഴിയുന്ന സുമേഷിനാണ് (40) മർദനമേറ്റത്. മോഷണം അടിപിടി കേസുകളിൽപ്പെട്ട് ആലപ്പുഴ ജില്ല ജയിലിൽ കഴിയുന്ന ആദിത്യൻ, വിഷ്ണു, മുഹമ്മദ് ഫർഹാൻ, വിജിത്ത്, അമൽരാജ് എന്നിവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ജില്ലാ ജയിലിലെ എഫ്-മൂന്ന് സെല്ലിൽ 14ന് രാത്രി 11നായിരുന്നു സംഭവം. പോക്സോ കേസിൽ ജയിലിലെത്തിയ സുമേഷിനോട് സഹതടവുകാരായ പ്രതികൾ കേസിനെക്കുറിച്ച് ചോദിച്ചു. എന്തിനാണ് ജയിൽ എത്തിയതെന്ന മറ്റ് തടവുകാരുടെ ചോദ്യത്തിന് സുമേഷ് മറുപടി പറഞ്ഞില്ല.

20-21 വയസ്സ് പ്രായമുള്ളവരായിരുന്നു സഹതടവുകാർ. പോക്സോ കേസാണെന്ന് മനസ്സിലാക്കിയാണ് സഹതടവുകാർ ചോദിച്ചത്. ഇതേക്കുറിച്ച് പ്രതിയായ സുമേഷ് പറയാതിരുന്നതോടെ കരണത്തടിക്കുകയും തലക്ക് കൈകൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ സുമേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് മറ്റുള്ളവർക്കെതിരെ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി