
കൽപ്പറ്റ: ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ഹേമചന്ദ്രന്‍റെ ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. കേസിൽ ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേര്‍ സഹായം നല്‍കിയിട്ടുണെന്നും ഇവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തിരോധാനത്തിന്റെ കാരണങ്ങള്‍ തേടിയ പൊലീസിന് ഹേമചന്ദ്രന്‍ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം ലഭിച്ചു. പണം നല്‍കിയവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതിനിടെയാണ് ഹേമചന്ദ്രനെ ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് വയനാട് ചീരാലിനടുത്ത മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബിഎസ്. അജേഷ് എന്നിവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്താവുന്നത്. തമിഴ്നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ട ഹേമചന്ദ്രന്റെ മൃതദേഹം തേടി തമിഴ്‌നാട് ചേരമ്പാടി പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ പലർക്കായി 20 ലക്ഷത്തോളം രൂപ നൽകാൻ ഉണ്ടായിരുന്നതായാണ് പറയുന്നത്. പണം കൊടുത്ത പ്രതികൾ ഇത് തിരികെ ആവശ്യപ്പെടുന്നതിനായി പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് മർദ്ദിച്ചു, പിന്നീട് വയനാട്ടിലെ ഒളിസങ്കേതത്തിലെത്തിച്ചും മർദ്ദിച്ചു.
പിന്നീട് ഹേമചന്ദ്രനെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ അവിടെ നിന്നും പോയി. അടുത്തദിവസം തിരികെ മുറിയിൽ എത്തിയപ്പോൾ ഹേമ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് മൃതദേഹം ചേരമ്പാടിയിൽ എത്തിച്ച് തമിഴ്നാട് വനത്തിൽ കുഴിച്ചുമൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികളിലൊരാൾ ഹേമ ചന്ദ്രൻറെ സിം കാർഡ് ഉപയോഗിച്ചിരുന്നു. ഇതിൽനിന്ന് മകളെ വിളിച്ച പ്രതി ഹേമ ചന്ദ്രൻ മൈസൂരിൽ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ പൊലീസ് ഫോൺ നമ്പർ അവസാനമായി ഉണ്ടായിരുന്ന ടവർ ലൊക്കേഷൻ തേടിയെത്തി. തുടർന്നാണ് പ്രതികളെ പിടികൂടുന്നതും മൃതദേഹം കണ്ടെത്തുന്നതും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam