
പത്തനംതിട്ട : തിരുവല്ല പുളിക്കീഴിൽ ചതുപ്പ് നിലത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെയാണ് ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ പ്രദേശത്താകെ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലുകൾ നായ കടിച്ച് കീറിയ നിലയിലാണ്. കുഞ്ഞിന് ആറു മാസം പ്രായം വരുമെന്നാണ് പൊലീസിന്റെ അനുമാനം. സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം പൊലീസ് തുടങ്ങി. ദുരൂഹത ഏറെയുള്ള കേസ് എന്ന നിലയിൽ ഗൗരവമായ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.