
കോഴിക്കോട്: പി ജി പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് അവസരം നഷ്ടപ്പെടാതിരിക്കാനായി ഡിഗ്രി മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള കാലാവധി ഏതാനും മാസങ്ങൾ കൂടി നീട്ടി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. കമ്മീഷൻ ഉത്തരവ് പാലിച്ച ശേഷം സർവകലാശാലാ രജിസ്ട്രാർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
കോഴിക്കോട് എൻ ഐ റ്റി സ്വദേശിനി എ. ഇർശാന സമർപ്പിച്ച പരാതിയിലാണ് നടപടി. 2018-21 കാലയളവിൽ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന ഇർശാനയ്ക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കാരണം നാലാം സെമസ്റ്ററിലെ ഇംഗ്ലീഷ് പരീക്ഷ എഴുതാനായില്ല. പ്രത്യേക പരീക്ഷക്ക് അപേക്ഷിച്ചെങ്കിലും സർവകലാശാല അനുവദിച്ചില്ല. തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതി. 2021 ഏപ്രിലിൽ നടത്തേണ്ട പരീക്ഷ നടന്നത് സെപ്റ്റംബറിലാണ്. പരീക്ഷ കഴിഞ്ഞ് 5 മാസം കഴിഞ്ഞിട്ടും ഫലം വന്നില്ല. ഇതിനിടയിൽ 2021- 23 വർഷത്തെ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം കിട്ടി. താത്ക്കാലികമായാണ് പ്രവേശനം ലഭിച്ചത്. ബിരുദ പരീക്ഷയുടെ മുഴുവൻ മാർക്ക് ലിസ്റ്റുകളും ഹാജരാക്കിയാൽ മാത്രമേ പ്രവേശനം സ്ഥിരപ്പെടുകയുള്ളൂ. സപ്ലിമെന്ററി പരീക്ഷയുടെ ഫലം വരാത്തതിനാൽ മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
കൃത്യ സമയത്ത് പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനുമുണ്ടായ ജാഗ്രതക്കുറവ് കാരണം തനിക്ക് ലഭിച്ച പ്രവേശനം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്. സപ്ലിമെന്ററി പരീക്ഷ യഥാസമയം നടത്താത്തതും കൃത്യമായി ഫലം പ്രഖ്യാപിക്കാത്തതും പി.ജി. പ്രവേശനത്തിന് മാർക്ക് ലിസ്റ്റ് ചോദിക്കുന്നതും ഒരേ സർവ്വകലാശാലയാണെന്ന കാര്യം കമ്മീഷൻ ഉത്തരവിൽ എടുത്തു പറഞ്ഞു. പരാതിക്കാരിക്ക് ഒരു കാരണവശാലും പി.ജി. പ്രവേശനം നിഷേധിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam