
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിദ്ധാർത്ഥൻ്റെ മകൻ സിനീഷ് (34) ആണ് മരിച്ചത്. ആശുപത്രിയുടെ പിഴവാണ് മരണകാരണമെന്നും നീതി ലഭിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും പ്രഖ്യാപിച്ച് ബന്ധുക്കൾ പ്രതിഷേധം കടുപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. തുടർന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി പറയപ്പെടുന്നു. ഗുരുതരാവസ്ഥയിലായ സിനീഷിനെ രാവിലെ 10 മണിയോടെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ സിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തടിച്ചുകൂടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചുനിന്നതോടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായി.
കലക്ടറുടെ ഇടപെടൽ; പ്രതിഷേധം കെട്ടടങ്ങി
സംഭവത്തെക്കുറിച്ച് തൃശൂർ ഡിഎംഒയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. വൈകീട്ട് നാല് മണിവരെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടർന്നു. പിന്നീട് സബ് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കുമെന്ന് സബ് കലക്ടർ ഉറപ്പ് നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ തൃശൂർ താലൂക്ക് തഹസിൽദാർ ജയശ്രീയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവിയും ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും അത് പ്രതിഷേധം കൂടുതൽ ശക്തമാക്കുകയായിരുന്നു. അതേസമയം, സിനീഷിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് സിനീഷിന്റെ വീട്ടുകാർ അറിയിച്ചു.
നേതാക്കൾ ഇടപെട്ടു
ബി.ജെ.പി. നേതാവ് അഡ്വ. നിവേദിത സംഭവം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിളിച്ച് ധരിപ്പിച്ചു. മോർച്ചറിക്ക് സമീപത്തുണ്ടായിരുന്ന ഡി.എം.ഒയുമായും തഹസിൽദാരുമായും സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ വേഗത്തിൽ എടുക്കണമെന്നും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിയെ വിളിച്ച് നടപടി ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി ഫോണിലൂടെ അറിയിച്ചു. സംസ്ഥാന പട്ടികജാതി കമ്മിഷൻ അംഗം ടി.കെ. വാസുവും സി.പി.എം. നേതാവ് യു.പി. ജോസഫും ബന്ധുക്കളുമായി സംസാരിക്കുകയും നിയമപരമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് മോർച്ചറി പരിസരത്ത് വൻ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ലോക രക്തദാന ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ആരോഗ്യ മന്ത്രി എത്തുമെന്ന മുൻ അറിയിപ്പ് പ്രകാരം പരിപാടി നടക്കുന്ന സ്ഥലത്തും പൊലീസ് സുരക്ഷാ കവചം ഒരുക്കിയിരുന്നു. സിനീഷിൻ്റെ ഭാര്യയും മക്കളും രോഗിയായ സഹോദരൻ, അമ്മ, ചേച്ചി എന്നിവരും നാട്ടുകാർക്കൊപ്പം മോർച്ചറിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam