ചിന്നക്കനാലില്‍ കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത; ഞെട്ടല്‍ മാറാതെ അയല്‍വാസികള്‍

By Web TeamFirst Published Nov 9, 2019, 12:40 PM IST
Highlights

തമിഴ്‌നാട് സ്വദേശിയായ രാമകൃഷ്ണന്‍ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. സൂര്യനെല്ലി ടൗണില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഓട്ടോ ഇലക്ട്രിക്ക് വര്‍ക്ക്‌സ് സ്ഥാപനവും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇടുക്കി: ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയില്‍ കുട്ടി അടക്കം മൂന്ന് പേരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. സൂര്യനെല്ലി ടൗണില്‍ ഓട്ടോ ഇലക്ട്രിക്കല്‍ കട നടത്തുന്ന രാമകൃഷ്ണന്‍ (32), ഭാര്യ  രജനി (30) ഇവരുടെ മകള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ശരണ്യ (12) എന്നിവരെ  വ്യാഴാഴ്ച്ച ആറരയോടെയാണ് കുടിയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാമകൃഷ്ണന്റെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയല്‍വാസിയോട് അന്വേഷിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്. രാമകൃഷ്ണനും ഭാര്യയും ഹാളിനുള്ളില്‍ ഒരു കയറിന്റെ ഇരുവശത്തായും, കുട്ടിയെ  സമീപത്തെ മുറിയിലും തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ രാമകൃഷ്ണന്‍ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. 

സൂര്യനെല്ലി ടൗണില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഓട്ടോ ഇലക്ട്രിക്ക് വര്‍ക്ക്‌സ് സ്ഥാപനവും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളോ, കുടുംബവഴക്കോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട്ട് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ശരണ്യ പഠനത്തിലും മറ്റുകാര്യങ്ങളിലും മിടുക്കി ആയിരുന്നു.

എന്നാല്‍ ബുധനാഴ്ച്ച മുതല്‍ ക്‌ളാസ്സില്‍ എത്തിയിരുന്നില്ല. എല്ലാവരോടും നന്നായി പെരുമാറിയിരുന്ന കുടുംബത്തിലെ കൂട്ടമരണം അയല്‍വാസികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിൽ പോസ്റ്റുമാട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശാന്തന്‍പാറ പൊലീസ് ആണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

click me!