കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലിയുള്ള തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഡി.സി.സി പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്‌കരിച്ച ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. 

തൃശൂര്‍: കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലി കൗണ്‍സിലര്‍മാര്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഭിന്നതകള്‍ പരിഹരിക്കാന്‍ ഡി.സി.സി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക് കടക്കുന്നത്. യോഗത്തില്‍നിന്നും വിട്ട്‌നിന്ന ഷാജി ആലിക്കല്‍, മിനി മോണ്‍സി, രോഷിത് ഓടാട്ട്, കെ.പി. മിനി, അനീന ഷിബു, ജിഷ ബേബി എന്നീ ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരേയാണ് നടപടിക്കൊരുങ്ങുന്നത്. നഗരസഭയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡി.സി.സി. ഓഫീസില്‍ യോഗം ചേര്‍ന്നത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും വിശദീകരണം ചോദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

നേതാക്കളായ ജോസഫ് ടാജറ്റ്, ജോസഫ് ചാലിശേരി, കെ.സി. ബാബു, ബിജോയ് ബാബു, അഡ്വ. സി.ബി. രാജീവ്, പി.ഐ. തോമസ്, അബ്ദുല്‍ ഹമീദ് എന്നിവരും കൗണ്‍സിലര്‍മാരായ ലെബീബ് ഹസന്‍, മിഷ സെബാസ്റ്റ്യന്‍, സോണി ഷാജി, ബീന ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. നല്‍കിയ വിപ്പ് സ്വീകരിക്കാന്‍ ഈ ആറ് കൗണ്‍സിലര്‍മാരും തയ്യാറായിരുന്നില്ല.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളി തങ്ങളുടെ ലീഡര്‍ ഷാജി ആലിക്കലാണെന്ന് കാണിച്ച് നഗരസഭാ ചെയര്‍പേഴ്‌സന് കത്ത് നല്‍കിയ നടപടിയും പാര്‍ട്ടി വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. കേവല ഭൂരിപക്ഷമില്ലാതിരുന്ന 2015 ലും ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പിളര്‍ത്തി സി.പി.എം. സഹായത്തോടെ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കൗണ്‍സിലര്‍മാര്‍ക്കിടയിലെ തര്‍ക്കം പാര്‍ട്ടിയിലും നേതാക്കന്‍മാരിലും രൂക്ഷമായ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.