
ഇടുക്കി: ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തടയാന്‍ വനമേഖലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. വന്യമൃഗങ്ങുടെ ആക്രമണം മൂലം നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രശ്നക്കാരായ കാട്ടാനകളെ മേഖലകളില്‍ നിന്നും മാറ്റുന്നതിന് നടപടി സ്വീകരിക്കും. ആവശ്യമുള്ള ഇടങ്ങളില്‍ കിടങ്ങുകളും സൗരോര്‍ജ്ജവേലികളും നിര്‍മ്മിക്കും. കിടങ്ങുകള്‍ നിര്‍മ്മിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ആശ്വാസധനത്തില്‍ പകുതി തുകയായ അഞ്ച് ലക്ഷം രൂപ ഒരാഴ്ചക്കകം നല്‍കണം. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പട്ടയഭൂമിയാണോന്ന് പരിശോധിക്കേണ്ടതില്ല. അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത്തലത്തില്‍ രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ ഒരു മാസത്തിനകം യോഗം ചേര്‍ന്ന് എവിടെയെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കണം.
ആനത്താരയില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗ് നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ നടപടികള്‍ എടുത്ത് ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം ഒരുക്കാന്‍ ഇനിയും താമസമുണ്ടാകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലുള്ള റാപിഡ് റെസ്പോണ്‍സ് ടീമിനെ ശക്തിപ്പെടുത്തുന്നതിനും ജില്ലയില്‍ വനമേഖലയുടെ വ്യാപ്തിക്കനുസരിച്ച് കൂടുതല്‍ ആര്‍.ആര്‍.ടി യൂണിറ്റ് രൂപവത്ക്കരിക്കാനുള്ള പ്രൊപ്പോസല്‍ നല്‍കണം.
വാഹനവും മറ്റ് സൗകര്യങ്ങളും വന്യജീവി സാന്നിധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കും. ആക്രമണകാരികളായ വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഏത് ഭാഗത്തേക്ക് ഓടിച്ച് വിടണമെന്നും ഉള്‍പ്പെടെയുള്ള കൃത്യതയാര്‍ന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കും തയ്യാറാക്കണം. എം.എല്‍.എമാരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം അടുത്തുതന്നെ വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ വനമേഖലയില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായിട്ടുണ്ടെങ്കിലും വ്യാപകമായ നാശം വനമേഖലക്ക് ഉണ്ടായിട്ടില്ല. വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വീടുനഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും വനംവകുപ്പ് പരിപാലിക്കുന്ന റോഡുകളുടെയും കലുങ്കുകളുടെയും പുനര്‍നിര്‍മ്മാണത്തിനും വേണ്ട പ്രോജക്ടും എസ്റ്റിമേറ്റും സഹിതം 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam