ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ വനം ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നു; പ്രതിഷേധം ശക്തം

By Web TeamFirst Published Sep 10, 2021, 9:02 AM IST
Highlights

കേസിലെ യഥാര്‍ഥ പ്രതിയെ പിടികൂടിയതോടെയാണ് വനംഉദ്യോഗസ്ഥനും സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം പുറത്താകുന്നത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കണ്ണങ്കോട് കോളനിയിലെ സുഭാഷിനെയാണ് ചന്ദമോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.
 

സുല്‍ത്താന്‍ബത്തേരി: വീട്ടില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ ചന്ദനത്തടികള്‍ ഒളിപ്പിച്ച് വാഹന ഉടമയായ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ പിടികൂടിയതോടെയാണ് വനംഉദ്യോഗസ്ഥനും സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം പുറത്താകുന്നത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കണ്ണങ്കോട് കോളനിയിലെ സുഭാഷിനെയാണ് ചന്ദമോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. 

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാവിലെ സുഭാഷിന്റെ ജീപ്പില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ചന്ദനത്തടികള്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു. 20 കിലോയോളം തൂക്കമുള്ള നാലടി നീളം വരുന്ന രണ്ട് ചന്ദനമുട്ടികളായിരുന്നു കണ്ടെത്തിയത്. എവിടെ നിന്നോ മുറിച്ചെടുത്ത ചന്ദനത്തടികള്‍ സുഭാഷിന്റെ വാഹനത്തില്‍ ഒളിപ്പിച്ച് വെച്ചതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസെടുത്ത് സുഭാഷിനെ പിടികൂടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ അയല്‍വീട്ടിലാണ് സുഭാഷ് തന്റെ ജീപ്പ് നിര്‍ത്തിയിടാറുണ്ടായിരുന്നത്. ഇക്കാര്യം പ്രതികള്‍ക്ക് അറിയാമായിരുന്നു. സുഭാഷിനെ കസ്റ്റഡിയിലെടുത്തതോടെ നാട്ടുകാര്‍ ഒന്നടങ്കം പഴൂരിലെ വനംവകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. 

പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. ഇതിനിടെയാണ് ചന്ദനം മോഷ്ടിച്ചു കടത്തിയ നൂല്‍പ്പുഴ ഞണ്ടംകൊല്ലി കോളനിയിലെ കുട്ടന്‍ (42) പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫീസറായിരുന്ന സി.എസ്. വേണുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ചന്ദനം മുറിച്ച് സുഭാഷിന്റെ വാഹനത്തിലൊളിപ്പിച്ചതെന്ന മൊഴി ലഭിക്കുന്നത്. ഈ മൊഴി പ്രകാരം വനംഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. 

എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ താമരശ്ശേരി റെയ്ഞ്ചിന് കീഴില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറാണ്. വേണുവിന് സുഭാഷിനോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഫ്ളെയിങ്സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതിനിടെ ചില ഉദ്യോഗസ്ഥര്‍ മുന്‍വൈരാഗ്യം മൂലം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ഇയാളുടെ ഭാര്യ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!