
ഇടുക്കി: വനം വകുപ്പിന്‍റെ പിടിവാശിയെ തുടർന്ന് അനന്തമായി നീളുകയാണ് കോടികള്‍ മുടക്കി നടത്തുന്ന ഇടുക്കിയിലെ ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡിന്‍റെ നിര്‍മ്മാണം. റോഡരികിലെ മരങ്ങള്‍ മുറിക്കാനും മുറിച്ച മരത്തിൻറെ കുറ്റികള്‍ പിഴുത് മാറ്റാനും വനംവകുപ്പ് അനുവദിക്കാത്തതാണ് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങാൻ കാരണം. ഹൈറേഞ്ചിനെ മൂന്നാറുമായി ബന്ധിപ്പിക്കാനാണ് ഉടുമ്പൻചോല രണ്ടാം മൈൽ റോഡിൻറെ പണികൾ തുടങ്ങിയത്. 45.88 കിലോമീറ്ററാണ് റോഡിന്‍റെ ദൂരം.
മൂന്ന് വര്‍ഷം മുമ്പാണ് 155 കോടി രൂപ കിഫ്ബി വഴി റോഡ് വികസനത്തിന് അനുവദിച്ചത്. നിര്‍മ്മാണം ആരംഭിച്ചിട്ട് രണ്ട് വര്‍ഷവും മൂന്നു മാസവും പിന്നിട്ടു. എന്നാൽ പണികൾ എങ്ങുമെത്തിയില്ല. വീതി കൂട്ടിയതിനെ തുടർന്ന് ഉടുമ്പൻ ചോല മുതൽ മാങ്ങാത്തൊട്ടിവരെയുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. രണ്ടു വർഷത്തോളമായി നടുവൊടിക്കുന്ന യാത്രയാണ് ഇവിടുത്തേത്. റോഡ് വീതികൂട്ടാൻ പാതയോരത്ത് നിന്നിരുന്ന കുറച്ച് മരങ്ങൾ മുറിച്ചിരുന്നു. ഇതിൽ ചിലത് കരാറുകാരൻ കടത്തിതോടെ കേസായി.
കേസായതോടെ മുറിച്ച മരത്തിന്‍റെ കുറ്റി പിഴുതുമാറ്റാൻ പോലും വനംവകുപ്പ് അനുമതി നൽകുന്നില്ല. അതിനാൽ റോഡരുകിലെ മരങ്ങളും കുറ്റികളുമൊഴിവാക്കി പണികൾ നടത്തുകയാണിപ്പോൾ. മരം മുറി വിവാദ സമയത്ത് ഇടുക്കിയിലെ പല റോഡുകളുടെയും നിര്‍മ്മാണം മുടങ്ങിയിരുന്നു. പ്രശ്നം വനം വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇടുക്കിയിലെത്തിയപ്പോള്‍ ഉറപ്പ് നൽകിയതാണ്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മരവും കുറ്റിയും റോഡില്‍ തന്നെയുണ്ട്. കുഴിയെണ്ണിയുള്ള ആളുകളുടെ ദുരിത യാത്രയും തുടരുന്നു. മന്ത്രി തലത്തില്‍ ഇടപെട്ടത്ത് റോഡുപണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ആന്‍റോ തോമസും ആവശ്യപ്പെട്ടു.
Read More : ആറ് വയസുകാരന് നേരെ ആക്രമണം: കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam