Asianet News MalayalamAsianet News Malayalam

ആറ് വയസുകാരന് നേരെ ആക്രമണം: കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനെയാണ് കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടി തെറിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് രാത്രി തന്നെ വിട്ടയച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

national child rights commission seeks report on 6 year old boy brutally kicked for touching car in Thalassery
Author
First Published Nov 4, 2022, 3:36 PM IST

ദില്ലി: കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തില്‍  ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് പിഞ്ചു ബാലനോട് യുവാവ് ക്രൂരത കാട്ടിയത്. തന്‍റെ കാറില്‍ ചാരി നിന്ന ബാലനെ യുവാവ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. 

മുഹ​മ്മദ് ഷിനാദ് എന്നയാളാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ  ചവിട്ടി തെറിപ്പിച്ചത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ​​ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും  കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര വാദം പറഞ്ഞ് ഷിനാദ് ആക്രമണത്തെ ന്യായീകരിച്ചു.

ഒടുവില്‍  ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് രാത്രിയോടെ ഷിനാദിനെ വിട്ടയച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന യുവ അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടത്. അതേസമയം രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 

പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയതെന്നും സതീശൻ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വിവാദമായപ്പോഴാണ് പൊലീസിന് വകതിരിവുണ്ടായത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ്, ഇരയ്ക്കോ അതോ വേട്ടക്കാർക്കോ എന്ന് വിഡി സതീശന്‍ ചോദിക്കുന്നു. അതേസമയം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി  മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More : ഷാരോൺ വധക്കേസിന്‍റെ തുടരന്വേഷണം കേരളത്തിൽ നടത്തണമോ? പൊലീസ് വീണ്ടും നിയമോപദേശം തേടും

Latest Videos
Follow Us:
Download App:
  • android
  • ios