നിർമ്മാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം കാത്ത് മലങ്കര ടൂറിസം പദ്ധതിയുടെ എന്‍ട്രന്‍സ് പ്ലാസ

By Web TeamFirst Published Sep 29, 2019, 4:12 PM IST
Highlights

ശുചിമുറികൾ, കഫറ്റേരിയ, 300 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ എൻട്രൻസ് പ്ലാസയിലുണ്ട്.

തൊടുപുഴ: നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങളായിട്ടും ഉദ്ഘാടനം കാത്ത് കിടക്കുയാണ് തൊടുപുഴ മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായ എന്‍ട്രന്‍സ് പ്ലാസ. പണി നടത്തിയ സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ്, കെട്ടിടം കൈമാറാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം.

ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2015ലാണ് മലങ്കര ഡാമിനോടു ചേർന്ന് ടൂറിസം പദ്ധതിയുടെ പണികൾ തുടങ്ങിയത്. മലങ്കര ഡാമും പരിസരവും ടൂറിസം ഹബ്ബാക്കി മാറ്റി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഫണ്ട് ലഭിക്കാത്തതിനാൽ പല തവണ ജോലികൾ മുടങ്ങി. മൂന്നു കോടിയിലധികം രൂപ ചെലവിട്ടാണ് എൻട്രൻസ് പ്ലാസയുടെ പണികൾ പൂർത്തിയാക്കിയത്.

ശുചിമുറികൾ, കഫറ്റേരിയ, 300 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ എൻട്രൻസ് പ്ലാസയിലുണ്ട്. മലങ്കര ജലാശയത്തോടു ചേർന്നുള്ള ഭാഗത്ത് നിർമ്മിക്കുന്ന കുട്ടികളുടെ പാർക്കിം​ഗിന്റെ പണികൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15 ലക്ഷം രൂപ മുടക്കിയാണ് പാർക്ക് നിർമ്മിക്കുന്നത്. കുട്ടികൾക്കു വേണ്ടി പതിനെട്ട് കളി ഉപകരണങ്ങളും സഞ്ചാരികൾക്കായി ഇരുപത്തഞ്ചോളം ചാരുബഞ്ചുകളുമാണ് സ്ഥാപിക്കുന്നത്. 

ഡിറ്റിപിസിയും ജല വിഭവ വകുപ്പും നേതൃത്വം നൽകുന്ന മലങ്കര ടൂറിസം ഡെവലപ്പ്മെന്റ് കമ്മറ്റിക്കാണ് നടത്തിപ്പ് ചുമതല. അടുത്തമാസം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടർ അടക്കമുളളവർ പരിശോധന നടത്തിയിരുന്നു.

click me!