വയനാട്ടില്‍ ഡെങ്കിപ്പനി പടരുന്നു; രോഗം ബാധിച്ചെത്തിയത് നിരവധിപ്പേര്‍

By Web TeamFirst Published Jul 24, 2019, 11:33 AM IST
Highlights

 മുള്ളന്‍കൊല്ലി, ചെതലയം, അപ്പപ്പാറ, കുറുക്കന്‍മൂല, പൊരുന്നനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ക്കാര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്

കല്‍പ്പറ്റ: വയനാട്ടില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു. ജില്ലയില്‍ ഒമ്പതു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴുപേര്‍ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ട കണക്കാണിത്. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയവരുടെ വിശദറിപ്പോര്‍ട്ട് ഇന്നും ആരോഗ്യവകുപ്പ് ശേഖരിക്കും.

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. മുള്ളന്‍കൊല്ലി, ചെതലയം, അപ്പപ്പാറ, കുറുക്കന്‍മൂല, പൊരുന്നനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ക്കാര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. പുല്‍പ്പള്ളി, പാക്കം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലക്ഷണങ്ങളോടെ ഏതാനും പേര്‍ ചികിത്സതേടിയിട്ടുണ്ട്. ജൂലൈ മാസം ഇതുവരെ 28 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 135 പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടി.

ഇതിനിടെ ചീരാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയ ഒരാള്‍ക്ക് കൂടി എച്ച്വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ മൂന്നുപേര്‍ക്ക് എച്ച്വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍  ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കുറുക്കന്‍മൂല, വെള്ളമുണ്ട, ബേഗൂര്‍, പൊരുന്നനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചെതലയം, പൂതാടി, മൂപ്പൈനാട്, പാക്കം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയ ഏഴ് പേര്‍ക്ക് ടൈഫോയ്ഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്‌സും ബാധിച്ചതായും ജില്ലാ ആരോഗ്യ അധികൃതര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!