Latest Videos

കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി

By Web TeamFirst Published Jan 6, 2023, 8:45 AM IST
Highlights

സ്ഥിര നിക്ഷേപ കാലാവധി പൂർത്തിയായിരുന്നു. പത്തു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുളത്. ഇത് പിൻവലിക്കാൻ ആറുമാസമായി ഇദ്ദേഹം ബാങ്കിൽ കയറി ഇറങ്ങുന്നുവെന്നാണ് ആരോപണം.

തിരുവനന്തപുരം: കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി. അന്തിയൂർക്കോണം ശ്രീലതികത്തിൽ സുരേന്ദ്രൻ നായർ, പേയാട് ദാമോദർ നിവാസിൽ സുരേന്ദ്രദാസ് എന്നിവരാണ് ശാഖയില്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരേന്ദ്രൻ നായരുടെ രണ്ടു അക്കൗണ്ട് സ്ഥിര നിക്ഷേപ കാലാവധി പൂർത്തിയായിരുന്നു. പത്തു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുളത്. ഇത് പിൻവലിക്കാൻ ആറുമാസമായി ഇദ്ദേഹം ബാങ്കിൽ കയറി ഇറങ്ങുന്നുവെന്നാണ് ആരോപണം.

ഒടുവിൽ വ്യാഴാഴ്ച ഉച്ചയോടെ എത്തി പണം ലഭിക്കാതെ പോകില്ല എന്ന നിലപാട് സ്വീകരിച്ചു ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സുരേന്ദ്രൻ നായർ ചെറുമകൾക്ക്  പഠന ആവശ്യത്തിനും വേണ്ടിയാണ് പ്രധാനമായി  തൻ്റെ നിക്ഷേപ തുക ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയത്. സുരേന്ദ്ര ദാസിൻ്റെ  എട്ടര ലക്ഷം രൂപ കാലാവധി പൂർത്തിയായില്ല എങ്കിലും ചെറുമകൾക്ക് വേണ്ടി  കോളേജ് പ്രവേശനത്തിനു തുക അടക്കാനായി ആണ്  നിക്ഷേപം ആവശ്യപ്പെട്ട് കഴിഞ്ഞ ആറു മാസമായി ബാങ്കിൽ കയറി ഇറങ്ങുന്നത്. ഓംബുഡ്സ്മാൻ, മുഖ്യമന്ത്രി, സഹകരണ റെജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് സുരേന്ദ്ര ദാസ് പരാതി നൽകിയിട്ടുണ്ട്.

രണ്ട് നിക്ഷേപകരും വ്യാഴാഴ്ച ഉച്ചമുതൽ ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രി ആറര മണിയോടെ പ്രതിഷേധം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ വയോധികർ ബാങ്കിന് പുറത്തിറങ്ങിയ സമയത്തിന് ഇവരോട് പ്രകോപനപരമായി ബാങ്ക് ജീവനക്കാര്‍ സംസാരിച്ചതായും പരാതിയുണ്ട്. പണം ലഭിക്കാത്ത പക്ഷം ബാങ്കിൽ ആത്മഹത്യ ചെയ്യാനും മടിക്കില്ലെന്നാണ് നിക്ഷേപകരുടെ ഭീഷണി. നിരവധി ആളുകൾ നിക്ഷേപം പിൻവലിക്കാൻ എത്തുമ്പോൾ പല തരത്തിൽ ഇവരെ അനുനയിപ്പിച്ച് മടക്കി അയക്കുന്നതാണ് ഇവിടുത്തെ രീതിയെന്നാണ് ആരോപണം. അതേ സമയം ബാങ്കിൻ്റെ പുതിയ ഭരണ സമിതി നിലവിലെ പ്രതിസന്ധി  മറികടക്കാൻ റിക്കവറി നടപടികൾ ആരംഭിച്ചിരിക്കുകയാണ്. 
 

click me!