ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില; മറിച്ചു വിറ്റ തോട്ടം ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനം

By Web TeamFirst Published Feb 7, 2019, 12:43 PM IST
Highlights

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമി മറിച്ച് വിൽക്കാനാവില്ല. എന്നാൽ സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനായി ഇളവ് ലഭിക്കാറുണ്ട്. ഇത്തരത്തിൽ ഇളവ് കിട്ടിയ ഭൂമിയാണ് വാണിജ്യ ആവശ്യത്തിനായി വിറ്റത്. ഈ ഭൂമിയിലാണ് ഇപ്പോൾ ടാർ മിക്സിംഗ് പ്ലാന്‍റിന്‍റെ നിർമ്മാണം നടക്കുന്നത്

ഇടുക്കി: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ഇടുക്കി കുട്ടിക്കാനത്ത് തോട്ടം ഭൂമിയിൽ അനധികൃത നി‍‍ർമ്മാണ പ്രവർത്തനം. മറിച്ചു വിറ്റ തോട്ടം ഭൂമിയിലാണ് ടാർ മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കാനായുള്ള അനധികൃത നിർമ്മാണം നടക്കുന്നത്. 

എവിജി ഗ്രൂപ്പിന്‍റെ ട്രൈബ്രൂക്ക് എസ്റ്റേറ്റിലെ രണ്ട് ഏക്കറോളം ഭൂമിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ടാർ മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കാനായി എസ്റ്റേറ്റ് ഉടമ  സ്വകാര്യ കരാറുകാരന് ഭൂമി മറിച്ചു വിൽക്കുകയായിരുന്നു.

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമി മറിച്ച് വിൽക്കാനാവില്ല. എന്നാൽ സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനായി ഇളവ് ലഭിക്കാറുണ്ട്. ഇത്തരത്തിൽ ഇളവ് കിട്ടിയ ഭൂമിയാണ് വാണിജ്യ ആവശ്യത്തിനായി വിറ്റത്.

ദേശീയപാത നിർമ്മാണത്തിനെന്ന പേരിലാണ് പ്ലാന്‍റിന് പീരുമേട് തഹസിൽദാർ അനുമതി നൽകിയത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിന്‍റെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ പ്ലാന്‍റിന് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവിന് പുല്ലവില നൽകിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്ലാന്‍റ് സ്ഥാപിക്കാനായി ഭൂമിയിലെ തേയിലച്ചെടികൾ പിഴുതുമാറ്റുകയും വ്യാപകമായി മണ്ണെടുക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്‍റ് ജനവാസകേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. 


 

click me!