സത്കാരത്തിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അവശതയും അനുഭവപ്പെട്ട അറുപതോളം പേരാണ് ചികിത്സ തേടിയത്

കോഴിക്കോട്: വിവാഹ സത്കാരത്തില്‍ പങ്കെടുത്ത അറുപതോളം പേര്‍ ആശുപത്രിയില്‍. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് ഭക്ഷ്യവിഷബാധ സംശയമുടലെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തൊട്ടില്‍പ്പാലം സ്വദേശി മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങ്. സത്കാരത്തിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അവശതയും അനുഭവപ്പെട്ട അറുപതോളം പേരാണ് ചികിത്സ തേടിയത്. 45 പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നുമാവാം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് നിഗമനം. ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്.

17 -18 തിയതിയിലായിരുന്നു വിവാഹ സംബന്ധിയായ പരിപാടി നടന്നത്. 17ന് അയൽവാസികൾക്കും ഉറ്റവർക്കുമായി നടത്തിയ വിരുന്നിൽ നെയ്ച്ചോറും കോഴിക്കറിയുമായിരുന്നു വിളമ്പിയത്. ഈ വിരുന്നിൽ ഭാഗമായവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 18ാം തിയതി പുറത്ത് നിന്നുള്ള അതിഥികൾക്ക് ബിരിയാണി വിളമ്പിയിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ പരിസരവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം