ദേവികുളം സർക്കാർ സ്കൂളിന്റെ സ്ഥലം കയ്യേറ്റം; റീ സർവ്വെ നടപടിയ്ക്ക് തയ്യാറാകാതെ അധികൃതർ

By Web TeamFirst Published Dec 17, 2018, 11:22 PM IST
Highlights

സബ് കളക്ടറുടെ ഓഫീസിന് സമീപത്തായിരുന്നിട്ട് പോലും റീ സര്‍വ്വേ നടത്തുന്നതിനും കയ്യേറ്റ സ്ഥലം തിരിച്ച് പിടിക്കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നു. 

ഇടുക്കി: അനധികൃത കയ്യേറ്റം നടന്ന ദേവികുളം സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ സ്ഥലം റീസര്‍വ്വേ നടത്തുന്നതിന് നടപടിയില്ലെന്ന ആരോപണവുമായി സ്കൂൾ അധികൃതർ. ദേവികുളം ആര്‍ ഡി ഓ ഓഫീസിന് സമീപത്താണ് സ്കൂൽ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ഇപ്പോഴും വ്യാപകമായി  കയ്യേറുന്നതായി സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. 2012 ലാണ് ഇവിടെ കയ്യേറ്റം കണ്ടെത്തിയത്. അര പതിറ്റാണ്ട് പിന്നിടുമ്പോളും റി സര്‍വ്വേ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 

കയ്യേറ്റം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും സ്ഥലം റീ സര്‍വ്വേ നടത്തുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സ്കൂളിന്റെ പ്രവേശന കവാടവും ചുറ്റുമതിലും നിര്‍മ്മിക്കുന്ന സമയത്താണ് സ്ഥലം കയ്യേറിയിട്ടുള്ളതായി കണ്ടെത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയും സ്ഥലം റീ സര്‍വ്വേ നടത്തുന്നതിന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ സബ് കളക്ടറുടെ ഓഫീസിന് സമീപത്തായിരുന്നിട്ട് പോലും റീ സര്‍വ്വേ നടത്തുന്നതിനും കയ്യേറ്റ സ്ഥലം തിരിച്ച് പിടിക്കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നു. 

സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് തടസ്സം നേരിട്ടതോടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായിട്ടുള്ള ചുറ്റുമതിലിന്റെ നിര്‍മ്മാണവും നിലച്ചിരിക്കുകയാണ്. ഇതോടെ സ്‌കൂള്‍ കോമ്പൗണ്ട് വൈകുന്നേരം ആകുന്നതോടെ സാമൂഹ്യ വിരുദ്ധരുടേയും മദ്യപ സംഘങ്ങളുടേയും സങ്കേതമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ കളിസ്ഥലമടക്കമാണ് കയ്യേറിയിരിക്കുന്നത്. സ്ഥലം തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണമെന്നും കയ്യേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 
 

click me!