താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; മൂന്നാര്‍ ഡിപ്പോയില്‍ പതിനാറ് സർവ്വീസുകള്‍ മുടങ്ങി

By Web TeamFirst Published Dec 17, 2018, 10:49 PM IST
Highlights

രാവിലെ ജോലിക്കെത്തിയവരോട് ജോലിയില്‍ പ്രവേശിക്കണ്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തോളമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

ഇടുക്കി: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ട് കെഎസ്ആര്‍ടിസി നടപടി ആരംഭിച്ചു. മൂന്നാര്‍ ഡിപ്പോയിലെ നാല്‍പ്പത്തിയഞ്ചോളം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അപ്രതീക്ഷിത പിരിച്ചുവിടലില്‍ ജീവനക്കാർ പ്രതിഷേധിച്ചു. പിരിച്ചുവിടൽ‌ മൂലം മൂന്നാര്‍ ഡിപ്പോയില്‍ മാത്രം പതിനാറ് സര്‍വ്വീസുകളാണ് മുടങ്ങിയത്. 

പിഎസ് സി നിയമനം നടത്തുന്നതിന് തയ്യാറാകാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂടാതെ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും കെ എഎസ് ആര്‍ ടി സിയില്‍ ഇല്ലായെന്ന് ഉറപ്പു വരുത്തണമെന്നും നിർദ്ദേശം നൽകി. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിപ്പോകളില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. രാവിലെ ജോലിക്കെത്തിയവരോട് ജോലിയില്‍ പ്രവേശിക്കണ്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ പത്തുവര്‍ഷത്തോളമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആര്‍ടിസി മികച്ച രീതിയില്‍ മുമ്പോട്ട് പോയത് എം പാനല്‍ ജീവനക്കാരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണെന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് മുമ്പോട്ട് പോകാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്ലാതായതോടെ മൂന്നാര്‍ ഡിപ്പോയില്‍ നിന്നുള്ള പതിനാറോളം വരുന്ന ദീര്‍ഘദൂര ബസ്സുകളുടെ സര്‍വ്വീസ് മുടങ്ങി. നെടുങ്കണ്ടം ഡിപ്പോയിലേയും ആറ് ബസ്സുകള്‍ ഇന്ന് സര്‍വ്വീസ് നടത്തിയിട്ടില്ല. എന്നാല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്ന കെഎസ്ആര്‍ടിസി എം ഡിയുടെ വാക്കുകള്‍ ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസം നൽകിയിട്ടുണ്ട്.
 

click me!