
തൃശൂർ: അച്ഛൻ ആശുപത്രിയിലായതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂർ സ്കൂളിലെ നാലാം ക്ലാസ് ടീച്ചറായ ധന്യയാണ് വിദ്യാർത്ഥിയെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനമെടുത്തത്. വിവരമറിഞ്ഞ് നിരവധി പേരാണ് ടീച്ചറെ അഭിനന്ദിക്കാനെത്തുന്നത്. ധന്യ ടീച്ചർ നാലാം ക്ലാസിലെ ക്ലാസ് ടീച്ചറാണ്. ധന്യ ടീച്ചറിന്റെ മകനും ഇവിടെ തന്നെയാണ് പഠിക്കുന്നത്. ഈ ക്ലാസിലെ ഒരു കുട്ടിയുടെ രക്ഷിതാവ് അസുഖബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്. ആശുപത്രിയിലേക്ക് ഇവരെല്ലാം കാണാൻ പോയിരുന്നു. അവരുടെ സ്ഥിതി അറിഞ്ഞ് ആ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് സ്വന്തം മകനോടൊപ്പം നിർത്തി സ്കൂളിലേക്ക് കൊണ്ടുവരുന്നു എന്നുള്ളതാണ് ടീച്ചർ ചെയ്ത വലിയ കാര്യം.
''ശനിയാഴ്ച ഞങ്ങളവിടെ ചെല്ലുമ്പോൾ അവന്റെ അച്ഛൻ ഐസിയുവിലാണ്. പ്രത്യേക റൂമെടുക്കാനുള്ള സൗകര്യമൊന്നുമില്ലാത്തത് കൊണ്ട് അവിടെ വരാന്തയിൽ തന്നെയാണ് അവർ കഴിയുന്നത്. ഞാനും എച്ച് എം ഷീബടീച്ചറും ഷീലടീച്ചറും കൂടിയാണ് പോയത്. അത്രയും ദിവസങ്ങളായി ഹോസ്പിറ്റലിൽ നിൽക്കുന്ന ഒരവസ്ഥ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് അവനെ കൂടെ കൊണ്ടുവരണമെന്നുണ്ടായിരുന്നു. അവൻ അച്ഛനെ ഇടക്ക് കാണണമെന്ന് ആവശ്യം പറഞ്ഞിട്ട് അവൻ പോരാൻ കൂട്ടാക്കിയില്ല. തിങ്കളാഴ്ച അമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു, ടീച്ചറ്‍ വന്ന് അവനെ കൊണ്ടുപൊക്കോ എന്ന്.'' ധന്യ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam