
തിരുവനന്തപുരം: നഷ്ടപ്പെട്ട ശ്രവണ സഹായിക്കായി കാത്തിരിക്കുകയാണ് തിരുവന്തപരും രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷൻ. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോൾ നഷ്ടമായ സ്കൂൾ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. പഠനത്തിലും കലയിലും മിടുക്കനായ റോഷൻ ശ്രവണ സഹായി നഷ്ടമായതോടെ സ്കൂളിൽ പോലും പോകാതെ വീട്ടിലിരിക്കുകയാണ്.
ആര്‍ക്കെങ്കിലും ആ ബാഗ് ലഭിച്ചിട്ടുണ്ടെങ്കില്‍ തിരികെ ഏല്‍പ്പിക്കണമെന്ന് എല്ലാവരോടും റോഷന്‍ അഭ്യർത്ഥിക്കുന്നു. കാണാതെ പോയ ശ്രവണ സഹായി ഇല്ലാതെ റോഷൻ ആകെ പ്രയാസത്തിലാണ്. ശ്രവണ സഹായി നഷ്ടപ്പെട്ടതിനാല്‍ സ്കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നാലുമാസം മുമ്പ് പുനർജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങൾക്കാണ് അതോടെ പരിഹാരമായത്.
ജഗതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് റോഷൻ. പഠനത്തിൽ മാത്രമല്ല നൃത്തത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച റോഷന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. രാജാജി നഗറിലുള്ള വാടക വീടിന്‍റെ ചുമരിലേക്ക് നോക്കിയാല്‍ മാത്രം മതിയാകും റോഷന്‍റെ മിടുക്കറിയാന്‍. ശ്രവണ സഹായി അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അച്ഛൻ ലെനിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തെങ്കിലും ഇതുവരെയും ശ്രവണ സഹായി തിരികെ കിട്ടിയിട്ടില്ല. ഈ വാർത്ത കാണുന്നവരാരെങ്കിലും റോഷന്‍റെ ശ്രവണസഹായി ഉള്ള കറുത്ത ബാഗ് കിട്ടിയാൽ എത്രയും പെട്ടെന്ന് തിരിച്ചുതരണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് വാര്‍ത്ത വായിക്കുന്ന എല്ലാവരോടുമുള്ള അഭ്യര്‍ത്ഥന. ഉടന്‍ തന്നെ ശ്രവണ സഹായം ലഭിക്കുമെന്നും സ്കൂളില്‍ പോകാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് റോഷന്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam