' പൂസായി ' പറക്കാമെന്ന് കരുതേണ്ട; ആറുമാസം തടവോ 2000 രൂപ പിഴയോ ശിക്ഷ

By Web TeamFirst Published Jun 11, 2019, 7:18 PM IST
Highlights

അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍  1000 രൂപ പിഴയോ ആറുമാസം തടവോ.... മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളുമായി പൊലീസ്.
 

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹന പരിശോധന സമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിച്ചത്. 

മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്ക്കൊപ്പം ഉണ്ടാകണം. 

അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍  മേല്‍വിവരിച്ച രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം.  കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സ് ഉണ്ടായിരിക്കണം. 

രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്‍റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി. 

രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ. നിയമപരമായി വാഹനം ഓടിക്കാന്‍ അധികാരമില്ലാത്ത ആള്‍ വാഹനം ഓടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്‍റെ ചുമതലയുളള ആളില്‍ നിന്നോ ഉടമയില്‍ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം.  ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 182 പ്രകാരം ലൈസന്‍സ് അയോഗ്യമാക്കപ്പെട്ടയാള്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താല്‍ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.

അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും.  അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ്  184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ.  മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ  2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടിയും സ്വീകരിക്കാം. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 190 പ്രകാരം വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാല്‍ 1000 രൂപ പിഴയും അപകടകരമായ രീതിയില്‍ ചരക്ക് കൊണ്ടുപോയാല്‍ 3000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവും ശിക്ഷയായി  ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയി മാറും. ഈ നിയമത്തിലെ 191 -ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും വേണം. രജിസ്ട്രേഷന്‍ നടത്താത്ത വാഹനം ഓടിച്ചാല്‍ ഈ നിയമത്തിലെ 192 -ാം വകുപ്പ് പ്രകാരം 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയില്‍ പിഴയോ ഈടാക്കാം. 

ചരക്കുവാഹനങ്ങളില്‍ ആദ്യത്തെ ഒരു ടണ്‍ വരെയുളള അമിതഭാരത്തിന് 2000 രൂപയും പിന്നീടുളള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയാണ് ശിക്ഷ. അമിതഭാരം വാഹനത്തില്‍ നിന്ന് ഇറക്കിക്കുവാനും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടി സ്വീകരിക്കുവാനും  മോട്ടോര്‍വാഹന ആക്ട് വകുപ്പ് 194 വ്യവസ്ഥ ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപയും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 100 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപയും പിഴ ഈടാക്കാം.


 

click me!