
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പിരിച്ച് വിട്ട താല്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി തൊഴിലാളികള്‍. നിപ കാലത്ത് ഉള്‍പ്പെടെ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തവര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമര പരിപാടിയിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണിവര്‍.
ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പിരിച്ച് വിട്ട താല്‍ക്കാലിക ജീവനക്കാരുടെ ആവശ്യം. നിപ കാലത്ത് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരടക്കം 47 പേര്‍ കഴിഞ്ഞ 15 ദിവസമായി ഉപവാസ സമരത്തിലാണ്.
അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് സമരക്കാര്‍ മാര്‍ച്ച് നടത്തി. ഒപി കൗണ്ടറിന് മുന്നില്‍ തടഞ്ഞതോടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
മെഡിക്കല്‍ കോളേജിലേക്ക് താല്‍ക്കാലിക ജീവനക്കാരെ എടുക്കാനായി ഇന്ന് നടന്ന ഇന്‍റര്‍വ്യൂ പിന്നീട് സമരക്കാര്‍ തടഞ്ഞു. നിപയുടെ ആപത്ത് കാലത്ത് ജോലി ചെയ്ത തങ്ങളെ തഴഞ്ഞുള്ള ഇന്‍റര്‍വ്യൂ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
അതേസമയം, മുഴുവന്‍ പേരെയും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാറിന് വിരോധമില്ലെന്നും സുപ്രീംകോടതി വിധി ഇതിന് തടസമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam