
ആലപ്പുഴ: ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ റോഡിൽ മുഴുവൻ പൊടി, വണ്ടിയൊന്ന് പോയാൽ പിന്നെ അടുത്തുള്ളവരെല്ലാം പൊടിയിൽ മുങ്ങും. ആകെയുള്ള യൂണിഫോം ഇങ്ങനെ പൊടിയിൽ മുങ്ങിയാൽ എന്ത് ചെയ്യും... അങ്ങനെയൊരു പരാതിയുമായാണ് പെൺകുട്ടി കളക്ട്രേറ്റിലെത്തിയത്. സ്‌കൂളില്‍ ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടം കളക്ടറേറ്റില്‍ അറിയിക്കാനും പൊടിശല്യത്തെ കുറിച്ചു പറയാനും അവൾ മടി കാണിച്ചില്ല.
പരാതിയുമായി എത്തിയ പെൺകുട്ടിയെ കളക്ടർ സ്വീകരിച്ചതും ശ്രദ്ധേയമായി. കാര്യം അറിഞ്ഞപ്പോൾ വിദ്യാര്‍ഥിനിക്ക് ജില്ലാ കളക്ടര്‍ വിആര്‍. കൃഷ്ണ തേജ പുത്തന്‍ യൂണിഫോം തന്നെ സമ്മാനിച്ചു. ആലപ്പുഴ ഇ എസ് ഐ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഞ്ചാം ക്ലാസുകാരിയാണ് പരാതിയുമായി കളക്ടറെ കാണാനെത്തിയത്.
ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവൃര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യം കാരണം യൂണിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്ന പരാതി. ഇതേ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിദ്യാര്‍ഥിനിക്ക് പുതിയ യൂണിഫോം വാങ്ങി നല്‍കിയത്. കളക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചായിരുന്നു പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്.
വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ കേരളം'
തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വലിയ ജനപങ്കാളിത്തത്തോടെയാണ് വിവ കേരളം കാമ്പയിന്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളില്‍ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. ഇതില്‍ നിന്നും മുക്തി നേടിയാല്‍ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉത്പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും. അതിനാല്‍ എല്ലാവരും ഈ കാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അനീമിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയണ്‍ സമ്പുഷ്ടമായ ഭക്ഷണം, അങ്കണവാടികളിലും സ്‌കൂളുകളിലും അയണ്‍ ഗുളികകള്‍ നല്‍കുക, വിരശല്യം ഒഴിവാക്കുക, ശക്തമായ ബോധവത്ക്കരണം എന്നിവയും ലക്ഷ്യമിടുന്നു. ഇത്തരം ഇടപെടലുകളിലൂടെ വിളര്‍ച്ചയില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.
എന്താണ് അനീമിയ?
കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്‌സിജനെ എത്തിക്കുന്നത് ഹീമോഗ്ലോബിന്റെ സഹായത്തോടെയാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിന് ഓക്‌സിജനെ വഹിക്കുവാനുള്ള കഴിവ് കുറയുന്നു.
രോഗ ലക്ഷണങ്ങള്‍
വിളറിയ ചര്‍മ്മം, കണ്‍പോളകള്‍, ചുണ്ട്, മോണ, നഖങ്ങള്‍, കൈകള്‍ എന്നിവ, ലഘുവോ കഠിനമോ ആയ ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
അപകട സാധ്യതകള്‍
ഗര്‍ഭിണികളില്‍ പ്രസവ സമയത്ത് അമിതരക്തസ്രാവം, കുഞ്ഞുങ്ങളില്‍ തൂക്കക്കുറവ്, പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാക്കാം. മുതിര്‍ന്നവരില്‍ ക്രമം തെറ്റിയ ആര്‍ത്തവം, ക്ഷീണം, കിതപ്പ്, ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ട് എന്നിവയും കൗമാരപ്രായക്കാരില്‍ ക്ഷീണം, തളര്‍ച്ച, തലവേദന, ക്രമം തെറ്റിയ ആര്‍ത്തവം, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാവുക, പഠന - പഠനേതര പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോവുക എന്നിവയുണ്ടാക്കാം. കുട്ടികളില്‍ വളര്‍ച്ച, മുരടിപ്പ്, കായികശേഷി കുറവ്, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറഞ്ഞ് ഇടവിട്ട് രോഗബാധയുണ്ടാകുക എന്നിവയും ഉണ്ടാക്കാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇത്തരം സങ്കീര്‍ണതകളില്‍ നിന്നും മോചനം നേടാവുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam