30 വർഷം വാടകക്ക് താമസിച്ചു; ഇത് വിക്രമനും മണിയും 'സ്വന്തമായി നിർമ്മിച്ച' വീട്; സ്വപ്നം സത്യമായതിന്റെ സന്തോഷം
ഇതിന്റെ തടിപ്പണികൾക്കും വയറിംഗിനും മറ്റ് ആളുകളുടെ സഹായം തേടി എന്നതൊഴിച്ചാൽ ബാക്കി പൂർണ്ണമായും ഇവർ രണ്ടുപേരും ചേർന്നാണ് നിർമ്മിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വീട് നിർമ്മാണത്തിന്റെ എല്ലാ ജോലികളും സ്വന്തമായി ചെയ്ത് ശ്രദ്ധേയരായ ദമ്പതികളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. പണിക്കാരുടെ സഹായമില്ലാതെ വിക്രമനും ഭാര്യ മണിയും ചേർന്ന് നിർമ്മിച്ച പുതിയ വീട്ടിൽ ഇരുവരും താമസം തുടങ്ങി. ലൈഫ് മിഷൻ വഴി അനുവദിച്ച പണം തികയാതെ വന്നപ്പോഴാണ് പണികൾ സ്വയം ചെയ്തത്.
രണ്ട് മാസം മുമ്പ് ഈ വീട്ടിലെത്തിയപ്പോൾ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഇത് പൂർണ്ണമായി താമസയോഗ്യമായി കഴിഞ്ഞിരിക്കുകയാണ്. ഇവർ രണ്ടുപേരും ചേർന്നാണ് വീടിന്റെ പണികൾ പൂർണ്ണമായി നടത്തിയത്. ഇതിന്റെ തടിപ്പണികൾക്കും വയറിംഗിനും മറ്റ് ആളുകളുടെ സഹായം തേടി എന്നതൊഴിച്ചാൽ ബാക്കി പൂർണ്ണമായും ഇവർ രണ്ടുപേരും ചേർന്നാണ് നിർമ്മിച്ചത്.
സ്വന്തമായി ഒരു വീട്ടിൽ കിടന്ന് ഉറങ്ങാമെന്നുള്ളത് വളരെ വലിയ സന്തോഷം. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത് നേരാണോ അതോ സ്വപ്നമാണോ എന്ന് ഇപ്പോഴും പറയാൻ സാധിക്കുന്നില്ല. വീട്ടമ്മയായ മണി പറയുന്നു. വീട് പണി ആരംഭിച്ചപ്പോൾ മുതൽ മറ്റ് ജോലികൾക്കൊന്നും പോയിട്ടില്ലെന്ന് വിക്രമൻ പിള്ളയുടെ വാക്കുകൾ. 30 വർഷമായി വാടകക്ക് താമസിച്ചിരുന്നവരാണ് വിക്രമൻ പിള്ളയും മണിയും. ഇപ്പോൾ സ്വന്തമായി ഒരു വീടുണ്ടായതിന്റെ സന്തോഷത്തിലാണ്